ഇന്ത്യയുടെ പ്രഥമ ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് കിരീടത്തിന് ഇന്ന് 36-ാം പിറന്നാൾ. 1984ലെ പ്രഥമ ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഇന്നേ ദിവസം.
ഏപ്രിൽ 13ന് നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 54 റണ്‍സിനു കീഴടക്കി ഇന്ത്യ കിരീടം ചുണ്ടോടടുപ്പിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ ശ്രീലങ്കയായിരുന്നു ടൂർണമെന്റിലെ മറ്റൊരു ടീം.
ലങ്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തായി. റൗണ്ട് റോബിൻ രീതിയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിനു കീഴടക്കി. 51 റണ്‍സുമായി പുറത്താകാതെനിന്ന സുരീന്ദർ ഖന്നയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി.
പാക്കിസ്ഥാനെതിരായ മത്സരത്തിലും അർധസെഞ്ചുറിയുമായി (72 പന്തിൽ 56 റണ്‍സ്) ഖന്നതന്നെയായിരുന്നു താരമായത്. തുടർന്ന് ആറ് തവണകൂടി (2016ലെ ട്വന്റി-20 ഉൾപ്പെടെ) ഇന്ത്യ ഏഷ്യൻ ചാന്പ്യന്മാരായി. ഏഷ്യൻ കിരീടം ഏറ്റവും അധികം തവണ (ഏഴ്) നേടുന്ന ടീമെന്ന റിക്കാർഡും ഇന്ത്യക്കാണ്.
ക്രിക്കറ്റിന്റെ വേരോട്ട ഭൂമിയായി ഇന്ത്യ മാറാൻ രണ്ട് കാരണങ്ങളാണുള്ളത്, 1983ലെ ഐസിസി ഏകദിന ലോകകപ്പ് കിരീടവും പിന്നെ സച്ചിൻ തെണ്ടുൽക്കർ എന്ന ചുരുളൻ മുടിക്കാരനായ കുറിയ മനുഷ്യനും.
കപിലിന്റെ ചെകുത്താന്മാരെന്ന വിശേഷണത്തോടെ 1983 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ഏഷ്യൻ ചാന്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിനു കളമൊരുങ്ങിയത്.
വേദിയായത് യുഎഇയുടെ സിരാകേന്ദ്രമായ ഷാർജ. അങ്ങനെ 1984 ഏഷ്യ കപ്പിലൂടെ മണലാരണ്യത്തിലെ ക്രിക്കറ്റ് മത്സര ഭൂമിയായി ഷാർജ മാറി.
1998ൽ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിനിടെ അതിഥിയായെത്തിയ പൊടിക്കാറ്റിനെയും കീഴടക്കി 134 റണ്‍സിന്റെ സെഞ്ചുറിയോടെ സച്ചിൻ ജയം സമ്മാനിച്ചതും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഷാർജ സ്മൃതിയാണ്.
അനീഷ് ആലക്കോട്