സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പനയുടെ ആദ്യ ദിനം ആകെ കുളമായി. പലയിടത്തും ഒരു ബുക്കിംഗ് പോലും നടന്നില്ല. ഇടുക്കിയിലെ തൂക്ക്പാലത്ത് ഇതുവരെ ആരും ബുക്ക് ചെയ്തിട്ടില്ല.
ആപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പലയിടത്തും മദ്യവിതരണം ആരംഭിക്കാനായിട്ടില്ല. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള ആപ് മദ്യക്കടകളിലും ബാറുകളിലും ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.
ചിലയിടത്ത് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാതെ മദ്യം നല്‍കുകയും ചെയ്തു. ഇത് ഫലത്തില്‍ പഴയ രീതിയ്ക്കു സമമായി മാറുകയും ചെയ്തു. മാത്രമല്ല സാമൂഹിക അകലം ഒട്ടുമിക്കയിടത്തും പാലിക്കപ്പെട്ടില്ല.
ആലപ്പുഴയിലെയും കോട്ടയത്തെയും ബാറുകളില്‍ മദ്യം വാങ്ങാന്‍ വലിയ തോതിലാണ് ആളുകള്‍ എത്തിയത്. കണ്ണൂരിലെ ക്വാറന്റൈന് കേന്ദ്രങ്ങളായ ബാര്‍ ഹോട്ടലുകളിലേക്കും ടോക്കണ്‍ നല്കി. ഇവിടെ മദ്യം വില്ക്കാന് അനുമതിയില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു.
ബെവ്കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും ആശയക്കുഴപ്പമുണ്ടാക്കി. രാത്രി പതിനൊന്നോടെ പ്ലേ സ്റ്റോറില്‍ എത്തിയ ആപ്പ് രാവിലെ ആയപ്പോഴേക്കും ഹാങ്ങായി.
ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്തവര്‍ക്കാവട്ടെ ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്യാനുമായില്ല.
പ്ലേസ്റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ഷെയര്‍ ചെയ്യുന്ന ലിങ്ക വഴിയാണ പലരും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നത്.
എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്നങ്ങളുണ്ട്. രണ്ടാം ദിനത്തിലെ ബുക്കിംഗ് ആദ്യ ദിനം തന്നെ ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും ആപ്പിന്റെ പ്രശ്നം മൂലം സമയം മാറ്റുകയായിരുന്നു.