ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്.
കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്.
മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്.
നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ സ്ഥിരീകരിച്ചത്.
കുരങ്ങിന്റെ കടി മൂലമുണ്ടായ പരുക്കില്‍നിന്നു ലാബ് ജീവനക്കാരന്‍ രക്ഷപ്പെട്ടെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടായ തകരാറിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കകം മരിച്ചു.
കുരങ്ങിന്റെ സ്രവങ്ങളുമായി നേരിട്ടു സമ്പര്‍ക്കം വരുമ്പോഴും സ്രവം മുറിവിലൂടെയോ മറ്റോ ശരീരത്തില്‍ എത്തുമ്പോഴുമാണു രോഗം പകരുന്നത്.
ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെയാണ് ഇതില്‍ അഞ്ചു മരണങ്ങളുണ്ടായത്. കുരങ്ങനില്‍നിന്നു കടിയോ മാന്തോ കിട്ടിയവരാണു മരിച്ചവരില്‍ ഭൂരിഭാഗവും.
സാധാരണയായി വൈറസ് ബാധയുണ്ടായാല്‍ 1 മുതല്‍ 3 ആഴ്ച വരെയുള്ള കാലയളവിലാണു രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ഫ്‌ലൂ വൈറസ് ബാധയുടേതിനു തുല്യമായി പനി, വിറയല്‍, പേശീവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണു കാണിക്കുക.
മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കുറവാണെന്നും കുരങ്ങുമായി സമ്പര്‍ക്കത്തിലായാലേ രോഗമുണ്ടാകൂ എന്നുമാണു ശാസ്ത്രജ്ഞരുടെ അനുമാനം.