എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യത്തു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കുടിലിന്റെ ചിഹ്നത്തിലാണ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചത്. 1952 ജനുവരി 16നാണ് ആദ്യ തെരഞ്ഞെടുപ്പു നടന്നത്. കോഴിക്കോട് ഉള്‍പ്പെടുന്ന തലശേരി നിയോജക മണ്ഡലത്തില്‍നിന്നു നിട്ടൂര്‍ പി. ദാമോദരനായിരുന്നു പ്രജാ പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചത്.
അദ്ദേഹം വിജയിച്ച് ലോക്സഭയിൽ എത്തുകയും ചെയ്തു. അക്കാലത്ത് കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മികച്ച പാര്ലമെന്റേറിയന്, പത്രപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു നിട്ടൂര്‍. ഇഎംഎസ് സര്‍ക്കാര്‍ 1967ല്‍ ഇദ്ദേഹത്തെ പിന്നാക്കവിഭാഗ കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നാക്കവിഭാഗ ക്ഷേമത്തിനുള്ള നിട്ടൂര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന അദ്ദേഹം ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു.
മദിരാശി അസംബ്ലിയിലേക്ക് അന്നു നടന്ന തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍നിന്നു മാറ്റുരച്ചത് പള്ളിയില്‍ കുഞ്ഞിരാമന് കിടാവാണ്. അദ്ദേഹവും വിജയംകണ്ടു. തമിഴ്നാട്ടിലും കേരളത്തിലും എംഎല്‍എയായിരുന്നു പള്ളിയില്‍ കുഞ്ഞിരാമന് കിടാവ്. മദ്യവര്‍ജനം, ഖാദിപ്രവര്‍ത്തനം, ഹരിജനോദ്ധാരണം, സഹകരണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1939ല്‍ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫോര്‍വേഡ് ബ്ലോക്കിന്റെ ജില്ലാ കമ്മറ്റി മെംബര്‍ ആയതിനെത്തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേളപ്പജിയുടെ അരുമശിഷ്യനായിരുന്ന കിടാവ് പിന്നീട് അദ്ദേഹത്തോടൊപ്പം കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയില്‍ അംഗമായി. സംസ്ഥാന രൂപീകരണത്തിനുശേഷം 1967ല്‍ കൊയിലാണ്ടിയില്‍നിന്നു കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്വന്തം ലേഖകന്‍