കായംകുളം: ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്തെരുവിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വാഹനാപകടം നടന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗവും കേരള കാളിദാസനെന്ന് അറിയപ്പെടുകയും ചെയ്തിരുന്ന കേരളവര്‍മ വലിയകോയിത്തമ്പുരാനായിരുന്നു അന്നത്തെ അപകടത്തില്‍ മരിച്ചത്.
മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായിരുന്നു കേരളവര്‍മ വലിയകോയിത്തമ്പുരാന്. മലയാള ഭാഷയിലെ പ്രാവീണ്യം കണക്കിലെടുത്തുകൊണ്ട് അദ്ദേഹം കേരള കാളിദാസന് എന്നും അറിയപ്പെട്ടിരുന്നു. കേരള കാളിദാസന് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഭാരതത്തിലെ ആദ്യ വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞ വ്യക്തിയെന്നത് പുതുതലമുറ അറിയേണ്ട ചരിത്രമാണ്.
കേരളവര്‍മ വലിയകോയിത്തമ്പുരാന് അനന്തരവന് കേരള പാണിനി എ. ആര്. രാജരാജവര്മയ്ക്കും സഹായിയോടുമൊപ്പം വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് കാറില്‍ മടങ്ങുമ്പോള്‍ തെരുവുനായ്ക്കള്‍ കുറ്റിത്തെരുവില്‍ കാറിനു കുറുകെ ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നായ്ക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവര്‍ വാഹനം ഒരു വശത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
വലിയകോയിത്തമ്പുരാനു പുറമേ വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം സമീപത്തെ വീട്ടില്‍ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു . അപകടത്തിനുശേഷം തമ്പുരാനും രാജരാജ വര്‍മയും മാവേലിക്കരയിലെ രാജരാജവര്‍മയുടെ കൊട്ടാരത്തിലേക്കു പോവുകയും കൊട്ടാരം വൈദ്യനായ വല്യത്താന്റെ ചികിത്സതേടുകയും ചെയ്തെങ്കിലും അന്നുതന്നെ മരണപ്പെടുകയായിരുന്നു.
അനന്തരവന് എ.ആര്. രാജരാജവര്‍മ തന്റെ ഡയറിയില്‍ ഈ അപകടം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു നായ തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയതെങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ഇത് തന്റെ അമ്മാവന് ഇരിക്കുന്ന ഭാഗത്തേക്ക് കാര്‍ മറിയാന്‍ കാരണമായതായും അദ്ദേഹത്തിന് ബാഹ്യമായിട്ട് പരിക്കുകളൊന്നും ഇല്ലെങ്കിലും അമ്മാവന്റെ നെഞ്ച് കാറിലോ നിലത്തോ ശക്തമായി ഇടിച്ചിട്ടുണ്ടാകാമെന്നും രാജരാജവര്‍മ ഡയറിയില്‍ വിവരിക്കുന്നു.