ഒരു കാലത്ത് മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായിരിക്കുന്ന കാലഘട്ടമാണിത്. പ്രതിസന്ധികളോടു പടപൊരുതിയാണ് ഒട്ടുമിക്ക ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ജീവിക്കുന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്മാന്‍ പൈലറ്റ് എന്ന ബഹുമതിയ്ക്ക് അര്‍ഹനായ ആദം ഹാരിയ്ക്കും പറയാനുള്ളത് ഇത്തരം അവഗണകളുടെയും പ്രതിസന്ധികളുടെയും കഥയാണ്.
തന്റെ സ്ത്രീശരീരത്തില്‍ ഒരു പുരുഷനുണ്ടെന്ന് തിരിച്ചറിഞ്ഞ നാള്‍ മുതല്‍ പോരാട്ടമായിരുന്നു. സ്വന്തം അസ്തിത്വത്തോട്, കുടുംബത്തോട്, സമൂഹത്തോട് അങ്ങനെ എല്ലാത്തിനോടും..”ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്താണ് എന്റെ കുടുംബത്തിന് ഞാന്‍ ആരാണെന്ന തിരിച്ചറിവുണ്ടായത്. കോഴ്‌സ് പൂര്‍ത്തിയായതോടെ ഇന്ത്യയിലെ എന്റെ വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ തടവിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു.
‘പൈലറ്റ് ജോലിയാണ് പിന്നീടുള്ള ജീവിതത്തില്‍ സന്തോഷം നല്‍കിയത്. കൊച്ചിയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ജോലി ലഭിച്ചതോടെ ജീവിതം മാറി. ജോലിസ്ഥലത്ത് പല വെല്ലുവിളികളും നേരിടേണ്ടി വന്നു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പൊതുവെ അനുകൂല സാഹചര്യമായിരുന്നു കൊച്ചിയില്‍. ഇപ്പോള്‍ എനിക്ക് 20 വയസ്സായി. ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ശബ്ദത്തിലും മാറ്റമുണ്ട്. പൊടിമീശ വന്നു. പൂര്‍ണമായും ഒരാണിന്റെ രൂപത്തിലേക്ക് ഞാന്‍ മാറുകയാണ്.
”ഏറ്റവും വലുത് ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്യം തന്നെയാണ്. യാതൊരു വിലക്കുകളും ഇല്ലാതെ എനിക്ക് എന്നെത്തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയുന്നു. ഇനിയും എന്റെ ജോലിയില്‍ ഒരു തടസ്സവും ഇല്ലാതെ തുടരാന്‍ കഴിയണം. ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം. അവരെ സമൂഹം അംഗീകരിക്കണം” ഹാരി പറയുന്നു. ഇപ്പോള്‍ കുടുംബത്തെ ശരിക്ക് മിസ് ചെയ്യുന്നുണ്ടെന്നും അവര്‍ തന്നെ മനസ്സിലാക്കി മകനായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹാരി പറയുന്നു. തെറ്റായ ഉടലില്‍ എത്തിപ്പെട്ട ഒരാത്മാവ് ആണ് താനെന്നും അവര്‍ക്കായി ഈ ജീവിതം മുഴുവന്‍ കാത്തിരിക്കുമെന്നും ഹാരി പറയുന്നു.