മലയാള സിനിമയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കൊടുംങ്കാറ്റ് ആഞ്ഞടിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്ക് സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഫലമായി താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖിനും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനും രാജിവയ്ക്കണ്ട അവസ്ഥ വരെ വന്നു.
ഈ സംഭവങ്ങൾക്കിടയിൽ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വരിക്ക് പ്രസക്തിയേറുകയാണ്. ‘ആദ്യമായി പോരാട്ടം തുടങ്ങിവയ്ക്കാൻ ധൈര്യം കാണിച്ച സ്ത്രീയെ മറക്കരുത്’എന്നാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ നടി പാർവതി തിരുവോത്ത് ഇതേ വരികൾ ഒരു ചിത്രത്തിനൊപ്പം ചേർത്ത് നൽകുകയും ചെയ്തു. കൊച്ചിയിൽ വച്ച് ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രമായിരുന്നു അത്. പോസ്റ്റിന് മഞ്ജു വാര്യർ ടൊവിനോ തോമസ്, വിജയ് യേശുദാസ്, നീരജ് മാധവ്, സുദേവ് നായർ എന്നിവർ ലൈക്ക് ചെയ്തിട്ടുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് ബംഗാളി നടി ശ്രീലേഖ സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണവുമായെത്തിയത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്തിൽ നിന്നും തനിക്കുണ്ടായ മോശമായ അനുഭവം നടി തുറന്നുപറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും, രഞ്ജിത്തിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായ കാര്യം ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ ആരോപിച്ചു. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.
നടിയുടെ വെളിപ്പെടുത്തൽ വലിയ വാർത്തയായതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവയ്ക്കണമെന്ന ആവശ്യവും ഉയർന്നുവരാൻ തുടങ്ങി. അങ്ങനെ സമ്മർദങ്ങൾക്കൊടുവിൽ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
ഇതിനിടയിലാണ് നടൻ സിദ്ദിഖിനെതിരേ യുവ നടി രേവതി സമ്പത്ത് ഗുരുതര ആരോപണങ്ങളുമായി എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ സിനിമാ ചർച്ചകൾക്കായി വിളിച്ച ശേഷം പീഡിപ്പിച്ചെന്നാണ് സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണം. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്ത് തനിക്ക് സിദ്ദിഖിൽ നിന്ന് ദുരനുഭവമുണ്ടായന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചിരുന്നു.
തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിച്ചു. ധാര്മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ട് രാജിവച്ചെന്നാണ് സിദ്ദിഖ് സംഭവത്തിൽ പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് നടൻ റിയാസ് ഖാനിൽ നിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ചും രേവതി സമ്പത്ത് തുറന്നു പറഞ്ഞത്. ഫോണിലൂടെ തന്നെ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നും, സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ തന്നോട് പറയണമെന്നും റിയാൻസ് ഖാൻ ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തി.
എന്നാൽ വെളിപ്പെടുത്തൽ ഇവിടെ അവസാനിച്ചില്ലന്നതാണ് സത്യം. ഒടുവിൽ ആരോപണവുമായി എത്തിയത് നടിയ സോണിയ മൽഹാർ ആയിരുന്നു. 2013 ൽ യുവ നടൻ കടന്നു പിടിച്ചെന്നാണ് സോണിയ മൽഹാറുടെ ആരോപണം. പിന്നീട് ഈ നടനിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടില്ലന്നും അവർ തുറന്നു പറഞ്ഞു. ഇപ്പോൾ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതു കൊണ്ടാണ്. നടന്റെ കുടുംബത്തെ ഓർത്ത് പേരു പറയിന്നില്ല. ഇനി ആ നടൻ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മൽഹാർ പറഞ്ഞു.
ഇങ്ങനെ പോകുന്നു മലയാള സിനിമാ മേഖലയിൽ നിന്ന് ചൂഷണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടിമാരുടെ ദുരനുഭവങ്ങൾ. ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഓരോന്നോരോന്നായി പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും മലയാളി സിനിമാ പ്രേക്ഷകരും ചോദിക്കുന്നു ഇനി ആര്?