അങ്കമാലി: ദേശീയതലത്തിൽ വിവിധ എൻജിനീയറിംഗ് കോളജുകളെ പങ്കെടുപ്പിച്ച് ഐഐടി മുംബൈ സംഘടിപ്പിച്ച ഇ-മോട്ടോർ മീറ്റിൽ മൂക്കന്നൂർ ഫിസാറ്റ് എൻജിനീയറിംഗ് കോളജിന് മികച്ച വിജയം. ഫിസാറ്റിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഡിസീസ് ഡയഗണോസ്റ്റിക് മെഷീനാണ് മത്സരത്തിൽ വിജയം നേടി. ആദ്യ ഘട്ടത്തിൽ 250 കോളജുകൾ അണിനിരന്നപ്പോൾ ഫൈനലിന് 18 കോളജുകളിൽ നിന്നുള്ള ടീമുകളാണ് യോഗ്യത നേടിയത്.
ആശുപത്രിയിൽ പോകാതെ തന്നെ പത്തോളം അസുഖങ്ങൾ തിരിച്ചറിയാൻ വഴിയൊരുക്കുന്ന മെഷീനാണ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. ഈ അസുഖങ്ങൾക്കുള്ള മരുന്നുകളും മെഷീനിൽ നിന്ന് ലഭിക്കും. ഒരു രോഗി മെഷീന്റ മുന്നിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൻഡിൽ നിൽക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ഐറിസിൽ സിഗ്നലുകൾ കടത്തി വിട്ടു പരിശോധിക്കുന്നതിനൊപ്പം ശ്വാസോഛ്വാസം ക്രമപ്പെടുത്തിയുമാണ് പരിശോധനകൾ നടത്തുന്നത്.
മെഷീനിൽ പരിശോധന നടത്തുമ്പോൾ രോഗിക്കാവശ്യമായ നിർദേശങ്ങൾ മെഷീൻ തന്നെ നൽകും. ബിപി, കൊളസ്ട്രോൾ, പനി, ഷുഗർ തുടങ്ങി പത്തോളം അസുഖങ്ങളാണ് ഉപകരണത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കാൻ സാധിക്കുന്നത്.
ഉപകരണത്തിന്റെ സഹായത്തോടെ ഒരാളുടെ അസുഖം കണ്ടെത്തിയാൽ കൂടുതൽ ഉറപ്പു വരുത്തുന്നതിനു മെഷീനിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ് വഴി ഡോക്ടറുടെ ഫോണിലേക്ക് മെസേജ് അയക്കും. റിപ്പോർട്ട് ഡോക്ടർ പരിശോധിച്ചശേഷം രോഗിക്കാവശ്യമായ മരുന്ന് നിർദേശിക്കും. ഈ മരുന്ന് ഈ ഉപകരണത്തിലെ വെന്റിംഗ് പോയിന്റിലൂടെ രോഗിക്ക് ലഭിക്കും. ഉപകരണം കണ്ടെത്തിയ രോഗിയുടെ രോഗാവസ്ഥകൾക്ക് കൂടുതൽ കൃത്യത വരുത്തുന്നതിനാണ് ആപ് വഴി ഡോക്ടറുടെ ഫോണിലേക്ക് സന്ദേശം ആയി പോകുന്നത്.
വിദ്യാർഥികളായ അഖിൽ, ഷിമോൺ, ജോൺ, മെഹജിബിൻ എന്നിവർ ചേർന്നാണ് ഒരു വർഷം നീണ്ടുനിന്ന പരിശ്രമത്തിലൂടെ ഇത് വികസിപ്പിച്ചെടുത്തത്. അധ്യാപകരായ പ്രഫ. ബിജോയ് വർഗീസ്, പ്രഫ. സി. മഹേഷ് തുടങ്ങിയവർ കുട്ടികളുടെ ഈ കണ്ടെത്തലിന് നേതൃത്വം നൽകി.
ടൗണുകളേക്കാൾ ഉപരി ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് പെട്ടെന്ന് ചികിത്സ ലഭിക്കുന്നതിനും വേഗത്തിൽ അസുഖം കണ്ടെത്തുന്നതിനും ഇതുവഴി സാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. ഐഐടി മുംബൈ ഏർപ്പെടുത്തിയ മോസ്റ്റ് റിയലിസ്റ്റിക് അവാർഡും വിദ്യാർഥികളുടെ ഈ കണ്ടുപിടുത്തത്തിന് ലഭിച്ചു. ഈ ഉപകരണത്തിന് പേറ്റന്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ വിദ്യാർഥികൾ തുടങ്ങിക്കഴിഞ്ഞു.
കോളജ് ചെയർമാൻ പോൾ മുണ്ടാടൻ, പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, അക്കഡേമിക് ഡയറക്ടർ ഡോ. കെ.എസ്.എം. പണിക്കർ, ഡീൻ ഡോ. സണ്ണി കുര്യാക്കോസ്, അധ്യാപകർ തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു