അന്പലപ്പുഴ: പുന്നപ്ര ചള്ളി, പറവൂർ തീരത്തു നിന്നും ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് കുട്ട നിറയെ മത്സ്യം ലഭിച്ചു.
50 മുതൽ 60 കുട്ട അയലവരെ കിട്ടിയ വള്ളങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ ഇടയ്ക്കു ചാകര ഉണ്ടായെങ്കിലും കാലാവസ്ഥ വ്യതിയാനവും ശക്തമായ മഴയും മത്സ്യലഭ്യത കുറച്ചിരുന്നു. പിന്നീട് കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ ഇറങ്ങാനാവാത്ത അവസ്ഥയുമുണ്ടായി.
തീരത്ത് ഓഖി മുതൽ ഏറ്റവും കൂടുതൽ വറുതിയുണ്ടായ വർഷം കൂടിയാണിത്. പ്രളയത്തെ തുടർന്ന് പ്രളയബാധിതരായ ആയിരങ്ങളെ രക്ഷിച്ച് തിരികെയെത്തിയ മത്സ്യത്തൊഴിലാളികൾക്ക് നാടൊന്നായി ആദരം നൽകുന്നതിനോടൊപ്പം കടൽ കുട്ടനിറയെ മത്സ്യം കൂടി നല്കിയ സന്തോഷത്തിലാണ് തീരവാസികൾ.