തൊടുപുഴ: കോവിഡ് പരത്താൻ ഇടയാക്കുന്നുവെന്ന് ആരോപിച്ച് മൽസ്യ മൊത്ത വ്യാപാര കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതിഷേധം സംഘർഷത്തിനു വഴി മാറിയതോടെ നടന്ന കല്ലേറിൽ ഏതാനും പോലീസുകാർക്കും പരിക്കേറ്റിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘടിച്ചവർക്കെതിരെ കോവിഡ് നിയന്ത്രണ നിരോധന നിയമത്തിന്റെ പേരിലാണ് കേസെടുത്തതെന്ന് തൊടുപുഴ സിഐ പറഞ്ഞു.
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഇടത്തിപ്പറന്പിൽ ഷാജി (49), മാളിയേക്കൽ നിസാർ (48), ചെങ്ങനാൽ ഷംസുദ്ദീൻ (53), തെക്കേടത്ത് റഷീദ് (50), വടക്കേപ്പറന്പിൽ മുജിബ് (40), കവണിപ്പറന്പിൽ മുജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
തൊടുപുഴ -മൂവാറ്റുപുഴ പാതയിൽ വെങ്ങല്ലൂർ സിംഗ്നൽ ജംഗ്ഷനു സമീപം നീരാളി എന്ന പച്ചമീൻ മൊത്തവ്യാപാര കേന്ദ്രത്തിനു മുന്നിലാണ് ഇന്നലെ രാത്രി നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
മൽസ്യവുമായി ഇവിടെയെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പോലീസെത്തിയെങ്കിലും പിൻമാറാൻ തയാറാകാതെ രാത്രി വൈകി നാട്ടുകാർ പ്രതിഷേധം തുടർന്നു.
മൽസ്യ മൊത്ത വ്യാപാര കേന്ദ്രത്തിലെ ജീവനക്കാർക്ക് അടക്കം കോവിഡ് ബാധിച്ചിരുന്നതായും സ്ഥാപനം തുറന്നാൽ രോഗ വ്യാപനത്തിനിടയാക്കുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
ഇവിടെ നിന്നും മീൻ വാങ്ങാനെത്തിയ പലരും രോഗബാധിതരായി. കോവിഡ് ക്ലസ്റ്ററായതിനെ തുടർന്ന് ഇതിനു സമീപത്തെ പെട്ടിക്കടകൾ വരെ അടപ്പിച്ചെങ്കിലും ഈ സ്ഥാപനം മാത്രം തുറന്നു പ്രവർത്തിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
പോലീസിലും, ആരോഗ്യ വകുപ്പിലും കളക്ടറെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതിഷേധക്കാർ സ്ഥാപനത്തിനു നേരെ എറിഞ്ഞ കല്ലുകൾ പോലീസുകാരുടെ ദേഹത്തും മറ്റും പതിച്ചു. തുടർന്ന് പോലീസ് ജനങ്ങളെ ശാന്തരാക്കി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
കോവിഡ് ക്ലസ്റ്റർ മേഖലയിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനം അടപ്പിക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന് പോലീസ് പറഞ്ഞു.
എന്നാൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കോടതിയുടെ അനുവാദമുണ്ടെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്.