മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ അവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് അവയ്ക്കു നല്കുന്ന തീറ്റ. പോഷകസംപുഷ്ടമായ ഭക്ഷണവും നീന്തിത്തുടിക്കാന്‍ വിശാലമായ കുളങ്ങളും അവയുടെ വളര്‍ച്ച വേഗത്തിലാക്കും. മത്സ്യങ്ങളുടെ സ്വഭാവനുസരിച്ച് ഭക്ഷണവും ക്രമപ്പെടുത്താം.
പുല്ലും ഇലകളും
പറമ്പില്‍ ധാരാളം ലഭിക്കുന്ന പുല്ലും ഇലകളുമെല്ലാം മീനുകള്‍ക്ക് ഭക്ഷണമായി നല്‍കാവുന്നതാണ്. കാര്‍പ്പിനങ്ങള്‍, ഗ്രാസ് കാര്‍പ്പ്, നട്ടര്‍, ജയന്റ് ഗൗരാമി, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെല്ലാം ധാരാളം ഇലവര്ഗങ്ങള് കഴിക്കുന്നവയാണ്. ഇതുവഴി കൈത്തീറ്റ നല്കുന്ന ചെലവ് ചുരുക്കാനും സാധിക്കും.
അറവു മാലിന്യങ്ങള്‍
മുഷി, വാള, നട്ടര്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് അറവു മാലിന്യങ്ങള്‍ നല്കി പ്രധാനമായും വളര്‍ത്തുന്നത്. അഫൃറവുമാലിന്യത്തില് ധാരാളം കൊഴുപ്പുള്ളത് മത്സ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അറവ് മാലിന്യങ്ങള്‍ വേവിച്ചു നല്കുകയാണെങ്കില് മത്സ്യങ്ങള്‍ക്ക് കഴിക്കാന്‍ എളുപ്പമായിരിക്കും.
കൈത്തീറ്റകള് പെല്ലെറ്റ് ഫീഡ്
വിപണിയില്‍ പല വലുപ്പത്തില്‍ ലഭ്യമായ ബ്രൗണ്‍ നിറത്തിലുള്ള തീറ്റകള്‍ മത്സ്യങ്ങള്‍ക്കുള്ള പോഷഹാകാരമാണ്. കിലോഗ്രാമിന് 50 മുതല്‍ 120 രൂപവരെ വില വരും. ചെറുപ്രായത്തില്‍ ചെറിയ തരിയും വലിയവയ്ക്ക് വലിയ തരിയും നല്‍കാം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ സ്റ്റാര്‍ട്ടര്‍ ഫീഡും ലഭ്യമാണ്.
അരിത്തവിടും കടലപ്പിണ്ണാക്കും
വളര്‍ത്തുമത്സ്യങ്ങള്‍ക്ക് എല്ലാ കര്‍ഷകരും നല്കുന്ന പ്രധാന തീറ്റയാണ് അരിത്തവിടും കടലപ്പിണ്ണാക്കും. കടലപ്പിണ്ണാക്ക് കുതിര്‍ത്തശേഷം അരിത്തവിട് ചേര്‍ത്ത് കുഴച്ച് നല്‍കുകയാണ് ചെയ്യുന്നത്. മത്സ്യങ്ങള്‍ക്ക് ദിവസേന രണ്ട് എന്ന രീതിയില്‍ തീറ്റ നല്‍കാം. നല്കുമ്പോള് എന്നും കൃത്യമായ സമയം വയ്ക്കുന്നത് എപ്പോഴും നല്ലതാണ്. വലിയ കുളങ്ങളില്‍ മത്സ്യങ്ങള്‍ക്ക് സമയം കാത്ത് തീറ്റയെടുക്കാന്‍ ഇത് ഉപകരിക്കും.
തയാറാക്കിയത്: ഐബിന്‍ കാണ്ടാവനം