കുറവിലങ്ങാട്: കുറിച്ചിത്താനത്ത് മത്സ്യകൃഷി നടത്തിയിരുന്ന കുളത്തില്‍ വിഷം കലര്‍ത്തി. സാമൂഹികവിരുദ്ധ വിളയാട്ടത്തില്‍ വിളവെടുക്കാറായ മുന്നൂറ് കിലോയോളം മത്സ്യം ചത്തു. കുറിച്ചാത്താനം ആനശ്ശേരില്‍ പ്രകാശ് പാട്ടത്തിനെടുത്ത് മത്സ്യകൃഷിനടത്തിയ പാറമടയിലാണ് സാമൂഹിക വിരുദ്ധ വിളയാട്ടം.
കുറിച്ചിത്താനം നെല്ലിത്താനത്തുമലറോഡിലെ വെള്ളാമ്പേല്‍ പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പാറമട പാട്ടത്തിനെടുത്ത് രണ്ടുവര്‍ഷമായി പ്രകാശ് മത്സ്യകൃഷി നടത്തിവരികയാണ്. മത്സ്യഫെഡിന്റെ സഹായത്തോടെ വായ്പ സംഘടിപ്പിച്ച് നടത്തുന്ന മത്സ്യകൃഷിയില്‍ മികച്ചയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുകയായിരുന്നു. 10 മാസത്തോളം വളര്‍ച്ചയെത്തിയതോടെ വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് കണക്കുകൂട്ടല്‍.
മരങ്ങാട്ടുപിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചത്തമത്സ്യങ്ങളുടേയും പാറമടയിലെ വെള്ളത്തിലേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്കായി കാക്കനാട്ടുള്ള ലാബിലേക്ക് പോലീസ് അയച്ചിട്ടുണ്ട്.