സ്വന്തംലേഖകന്‍
കോഴിക്കോട്: പഴകിയതും മായം കലര്‍ന്നതുമായ മത്സ്യങ്ങളുടെ വില്പന തടയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല മത്സ്യബന്ധന തുറമുഖങ്ങളും അടച്ചതോടെ സംസ്ഥാനത്തിന്റെ പുറത്ത് നിന്നും വന്‍തോതില്‍ മത്സ്യം എത്താന്‍ തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. കോഴിക്കോട് നാലു സോണുകളിലായി എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്.താമരശേരി-കൊടുവള്ളി , ബാലുശേരി-കുന്ദമംഗലം, നാദാപുരം-വടകര, കോഴിക്കോട് കോര്പറേഷന് എന്നീ മേഖകളാക്കി തിരിച്ചാണ് സ്ക്വാഡുകള്‍ പരിശോധന നടത്തുന്നത്.
മൂന്നു ദിവസങ്ങളിലായി നിരവധി മത്സ്യമാര്‍ക്കറ്റുകളില്‍ സ്ക്വാഡ് പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വ്യാപകമായ രീതിയില്‍ മായം കലര്‍ന്ന മത്സ്യങ്ങള്‍ ഇത്തവണ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്.
എന്നാല്‍ പഴകിയ മത്സ്യങ്ങള്‍ പലയിടത്തും വില്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ സംസ്ഥാനത്തെ മത്സ്യ മേഖല കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുയാണ്. നിലവില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.
ഇത്തരം സാഹചര്യത്തില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളാണ് മാര്‍ക്കറ്റുകളില്‍ കൂടുതലായും എത്തുന്നത്. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാല്‍ മത്സ്യം കേടാകാതെ കൂടുതല്‍ കാലം നില്ക്കും. വിപണി ലക്ഷ്യമിട്ട് ഇത്തരത്തില്‍ കൃത്രിമം നടക്കുന്നുണ്ടോയെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നത്.