എരുമേലി: കോവിഡ് രോഗത്തിനൊപ്പം ന്യൂമോണിയയും പിന്നെ ഹൃദയാഘാതവും ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ കടയിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ച് അവശ നിലയിലായി.
പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മത്സ്യ വിൽപ്പന ശാലയിൽ പരിശോധന നടത്തി.ഇന്നലെ എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബു (39) ആണ് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുമ്പോഴാണ് രണ്ട് കിലോ നത്തോലി മത്സ്യം എരുമേലിയിൽ നിന്ന് വാങ്ങിയത്. വീട്ടിൽ എത്തി കുറച്ച് മത്സ്യം പാകം ചെയ്ത് കഴിച്ചതോടെ വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.
അവശേഷിച്ച മത്സ്യം കേടായ നിലയിലായിരുന്നെന്നും ഇത് കുഴിച്ചു മൂടിയെന്നും ഷിബു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കടകളിൽ പരിശോധന നടന്നത്.
അതേസമയം പഴകിയ മത്സ്യം വിറ്റെന്ന പരാതി വാസ്തവ രഹിതമാണെന്ന് കട ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചു.