കാട്ടാക്കട : വിളവെടുക്കാറായ മത്സ്യക്കൃഷിയിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി .സാമൂഹ്യവിരുദ്ധരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
ഇത് സംബന്ധിച്ച് ചില സൂചനകൾ കിട്ടിയതായും പോലീസ് പറയുന്നു. ലോക്ക് ഡൗൺ കാലത്തു കലാപരിപാടികൾ അന്യമായതോടെ ഉപജീവനത്തിനായി കലാകാരന്മാർ ആരംഭിച്ച മത്സ്യക്കൃഷിയാണ് സാമൂഹ്യ വിരുദ്ധർ വിഷം കലക്കുകയും ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തു പൊങ്ങുകയും ചെയ്തത്.
കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ് ഖാനും സഹോദരങ്ങളായ അൻവർഖാൻ , അൻസർഖാൻ എന്നിവരാണ് എട്ടുമാസം മുൻപ് ഡാൻസ് പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗാമുകളും മറ്റു ഇവന്റുകളും ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കി കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ചു ഫിഷറീസിന്റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത് .
റെഡ് തിലോപ്പിയ, ചിത്രലാട ,രോഹു,കട്ല തൂടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെ ആണ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു നിക്ഷേപിച്ചിരുന്നത്. തീറ്റയും പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയാണ് ചെലവ് ഉള്ളത്.
മീനുകൾക്ക് യഥേഷ്ടം വളരാനുള്ള എല്ലാ സംവിധാനവും ഈ ചെറു കുളങ്ങളിൽ ഒരുക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ആണ് ആദ്യം മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.ആദ്യം അസ്വഭാവികമായി ഒന്നും തോന്നാത്തതിനാൽ ഇവയെ കുഴിച്ചു മൂടി. ഇന്നലെ എത്തിയപ്പോഴാണ് മത്സ്യങ്ങൾ കൂട്ടമായി ചത്ത് പൊങ്ങി.
തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ നിന്നും രക്തം പൊട്ടി ഒലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് മനപൂർവം ആരോ മത്സ്യങ്ങളെ കൊന്നതാകാം എന്ന് മനസിലായത് എന്ന് ഉടമ ദിലീപ്ഖാൻ പറഞ്ഞു.തുടർന്നാണ് പോലീസിനെ അറിയിച്ചത്.
ഈ ഓണ സമയത്തു വിളവെടുക്കാൻ പാകത്തിന് വളർച്ച എത്തിയ മുഴുവൻ മത്സ്യവും ഇതിനു ശേഷം സമയാസമയങ്ങളിൽ വിളവെടുക്കാനായി ഇടയ്ക്കു നിക്ഷേപിച്ചിരുന്ന മത്സ്യങ്ങളും ആണ് പൊങ്ങിയത്.കഴിഞ്ഞ എട്ടു മാസത്തോളമുള്ള കഠിനാധ്വാനമാണ് സാമൂഹ്യ വിരുദ്ധർ ഒറ്റ നിമിഷം കൊണ്ട് തകർത്തത്.
മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്.ഇതോടെമുടക്കു മുതൽ ഉൾപ്പടെ എട്ടുലക്ഷത്തിലധികമാണ് അവർക്കിപ്പോൾ ബാധ്യത.
രാത്രികാലങ്ങളിൽ മദ്യപാനികളുടെ സ്ഥിരം താവളമാണ് പ്രദേശം.കുളം ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നും പല ദിവസങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ ലഭിക്കാറുണ്ടെന്നും കുളത്തിൽ നിന്നും പലപ്പോഴായി ഇവ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നും ഇവർ പറഞ്ഞു.
കുളത്തിലെ വെള്ളവും മത്സ്യവും പരിശോധനക്കാനായി സാമ്പിൾ ശേഖരിച്ചു.ശേഷം കുളം വറ്റിച്ചു മത്സ്യങ്ങളെ മുഴുവൻ മാറ്റി ഇവയെ കുഴിച്ചു മൂടുകയും ചെയ്തു.