അഴിമുഖത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി; കടല്‍ക്കറയെന്ന പ്രതിഭാസമാണ് കടലില്‍ നിറമാറ്റത്തിനും മത്സ്യം ചാകാനും കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍

TCR-FISHചാവക്കാട്: ചെന്നീര് പുഴയിലേക്കും കടന്നു മത്സ്യങ്ങള്‍ ചത്തുപൊന്തി. മുനക്കകടവ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനു സമീപമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത്.കടലില്‍ ഉണ്ടായ ചെന്നീരാണ് മത്സ്യം ചാകാന്‍ കാരണമെന്ന് അഴിമുഖത്ത് വീശുവല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവര്‍ പറയുന്നു. അഴിമുഖം വഴി പുഴയിലേക്ക് കയറുന്ന ചെന്നീരിന്റെ അടിത്തട്ടില്‍ ശക്തമായ തണുപ്പാണെന്നും ഇതുമൂലമാണ് മത്സ്യം ചാകുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ നിഗമനം ശരിയല്ലെന്നും പറയുന്നു. രണ്ടുമാസം മുമ്പ് അകലാട്-അണ്ടത്തോട് മേഖലയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. പിന്നീട് കടലില്‍ ചുവപ്പുനിറം കണ്ടു.

കടല്‍ക്കറ എന്ന് പറയുന്ന പ്രതിഭാസമാണ് കടലില്‍ നിറമാറ്റത്തിനും മത്സ്യം ചാകാനും കാരണമെന്നും പറയപ്പെടുന്നു. കടല്‍ക്കാറ്റില്‍ ദുര്‍ഗന്ധം പരത്തുന്ന കടല്‍ക്കറ മണ്‍സൂണിനുശേഷം പല കടപ്പുറത്തും കണ്ടുവരുന്നു.    സൂക്ഷ്മജീവികളായ സസ്യപ്ലവകങ്ങള്‍ കടലില്‍ പെരുകുന്നതുമൂലമാണ് കടല്‍ക്കറ ഉണ്ടാകുന്നത്. സൂര്യപ്രകാശത്തില്‍ ഈ സൂക്ഷ്മ ജീവികള്‍ പെരുകുകയും ദുര്‍ഗന്ധം പുറത്തുവിടുകയും ചെയ്യുന്നു. മഴക്കാലത്ത് പുഴവെള്ളം കടലില്‍ എത്തുന്നു.

ഇത് സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് സഹായമാണ്. പുഴവെള്ളത്തില്‍കൂടി എത്തുന്ന ധാതുക്കള്‍ ഭക്ഷിച്ച് സൂക്ഷ്മജീവികള്‍ പെരുകുമ്പോള്‍ കടല്‍വെള്ളത്തിലെ ഓക്‌സിജന്‍ കുറയുമ്പോഴാണ് ഉപരിതലത്തില്‍ മത്സ്യങ്ങള്‍ ചാകുന്നതെന്ന് വിദഗ്ധന്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്ന ചെന്നീര് എന്താണെന്നും ഒരു ഇനത്തില്‍പെട്ട മത്സ്യം മാത്രം ചത്തുപൊന്തുന്നതിന്റെ കാരണമെന്താണെന്നും പഠനവിധേയമാക്കണമെന്നും തീരവാസികള്‍ പറയുന്നു.

Related posts