കോതമംഗലം: ഭൂതത്താൻകെട്ട്ഡാം തുറന്നതോടെ മീൻപിടുത്തകാർക്ക് ചാകര. ഷട്ടറുകൾ തുറക്കുന്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് മീൻപിടിക്കാൻ ഭൂത്താൻകെട്ടിലെത്തുന്നത്.ആഴമുള്ളിടത്ത് വലവീശിയും വഞ്ചിയിലുമായും അല്ലാത്തിടത്ത് മുങ്ങിതപ്പിയും മീൻപിടിക്കാൻ യുവാക്കളുടെ നീണ്ടനിര കാണാം.ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകളെത്തി തുടങ്ങിയിട്ടുണ്ട്.വലുതും ചെറുതുമായ നല്ലയിനം പുഴമീൻ പിടുത്തം ഭൂതത്താൻകെട്ടിൽ ആർപ്പും ആരവവുംആഘോഷമായി മാറും.
മീൻപിടുത്തക്കാർ ചാകരകൊയ്ത്ത് നടത്തുന്ന കാഴ്ച കാണികൾക്കും കൗതുകമാണ് .ഇത്തവണ ഡാമിന്റെ ഷട്ടറുകൾ കൂടുതലായി തുറന്നതോടെ വൃഷ്ടിപ്രദേശം വറ്റിത്തുടങ്ങി.ഇതോടെ മീൻ പിടുത്തക്കാരുടെ എണ്ണവും വർധിച്ചു.
വീശുവലകൊണ്ട് മീൻ പിടിക്കുന്നവരുടെ എണ്ണമാണ് പതിവുപോലെ കൂടുതൽ. ഉൗഴപ്രകാരം കാത്തുനിന്നാണ് വീശൽ.കൈകൾ കൊണ്ടും കോരുവലകൊണ്ടും മീൻ പിടിക്കന്നവരുമുണ്ട്.ചെറുമീനുകളാണ് ഇവരുടെ ലക്ഷ്യം.മീൻ പിടുത്തക്കാരുടെ കൂട്ടത്തിൽ അന്യസംസ്ഥാനക്കാരുമുണ്ട് ഇക്കുറി ..മറ്റ് തൊഴിലുകൾ കുറഞ്ഞപ്പോൾ ഈയൊരു പരീക്ഷണം കൂടിയാകാം എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ നിലപാട് വരുംദിവസങ്ങളിൽ മീൻപിടുത്തക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും.
ഡാം പരിസരത്തും അതോടൊപ്പം വൃഷ്ടിപ്രദേശത്തെ ജലാശയങ്ങളും മീൻപിടുത്തക്കാരെകൊണ്ട് നിറയും.വീട്ടിലെ കറിക്കുള്ള മീൻ സംഘടിപ്പിക്കുക മാത്രമല്ലമാനസിക ഉല്ലാസവും മീൻപിടിക്കാനെത്തുവരുടെ ലക്ഷ്യമാണ്.
ജില്ലയുടെ പുറത്തു നിന്നുവരെ വലയും മറ്റുമായി വർഷക്കാലത്ത് ഭൂതത്താൻകെട്ടിലെത്തുന്നവരെ കാണാം.ഒരുപക്ഷെ ഇത്തവണത്തേത് അവസാന അവസരമായേക്കാമെന്നും സംശയിക്കുന്നു. കാരണം അടുത്ത വർഷം മിനിജുല വൈദ്യുത പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ഡാം പൂർണമായി തുറന്ന് വിടുന്ന പതിവ് അവസാനിച്ചേക്കും.