ചങ്ങരംകുളം: തക്കാളിക്കൊപ്പം മത്തിക്കും പൊന്നും വില. ട്രോളിംഗ് നിരോധനവും കടൽ ക്ഷോഭം രൂക്ഷമാവുകയും ചെയ്തതോടെയാണ് മത്സ്യവില കുതിക്കാൻ തുടങ്ങിയത്. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടെ വിലയാണ് ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നത്. കയ്യിലൊതുങ്ങുന്ന വിലക്ക് കിട്ടിയിരുന്ന മത്തി വില കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ മത്തിയുടെ വില 200ഉം അധിലധികവുമാണ്.
കഴിഞ്ഞ ദിവസം 200 മുതൽ 260 രൂപ വിലക്കാണ് ചെറുകിട കച്ചവടക്കാർ മത്തി വിറ്റത്. ട്രോളിംഗ് നിരോധനവും മത്സ്യത്തിന്റെ ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ശക്തമായ കടൽ ക്ഷോഭം മൂലം ചെറുകിട മൽസ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങാത്തതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിൽ ഭീമമായ ചിലവ് വരുന്നതും വില വർധനവിന് കാരണമാകുന്നതായാണ് കച്ചവടക്കാർ പറയുന്നത്.
എന്ത് വില കൊടുത്തും മത്സ്യം വാങ്ങാൻ ആളുണ്ടാകുമെന്നതിനാലാണ് കച്ചവടക്കാരും വിലക്കയറ്റത്തിലും പതറാതെ മത്സ്യം വിപണിയിലെത്തിക്കുന്നത്. മത്സ്യത്തേക്കാൾ വില കുറവ് ഇറച്ചിക്കോഴികൾക്കാണ് എന്നതിനാൽ തന്നെ ഒരു വിഭാഗം ആ മേഖലയിലേക്കും തിരിഞ്ഞിട്ടുണ്ട്. മത്സ്യത്തിനും പുറമേ പച്ചക്കറികൾക്കും വില വർധിച്ചത് സാധാരണക്കാരെയും നിത്യത്തൊഴിലാളികളെയും ഒരു പോലെ വലച്ചിരിക്കുകയാണ്.