മങ്കൊന്പ്: നിരോധനങ്ങൾ കാറ്റിൽപറത്തി അനധികൃത മത്സ്യബന്ധനം കുട്ടനാട്ടിൽ വ്യാപകമാകുന്നതായി പരാതി. പുഞ്ചകൃഷിക്കൊരുക്കമായി പാടശേഖരങ്ങളിൽ പന്പിംഗ് ആരംഭിച്ചതോടെയാണ് അനധികൃത മൽസ്യബന്ധനം വ്യാപകമായിരിക്കുന്നത്.
പാടശേഖരങ്ങളിൽ നിരോധനമുള്ള മടവലയാണ് ഏറ്റവുമധികമായി ഇപ്പോൾ കണ്ടുവരുന്നത്. ഇത്തരം വലകളുടെ ഉപയോഗം മൂലം വൻതോതിൽ മത്സ്യസന്പത്ത് നശിക്കുകയും പൊതുജലാശയങ്ങൾ മലിനമാക്കുകയും ചെയ്യും. ഇത്തരം വലകളിൽ കുടുങ്ങി ചത്തൊടുങ്ങുന്നതും ഉപയോഗശൂന്യവുമായ ചെറുമൽസ്യങ്ങൾ പൊതുജലാശയങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ ജലാശയങ്ങളിൽ ചത്തുപൊങ്ങിയോഴുകി നടക്കുന്നതു നാട്ടുകാർക്ക് ദുർഗന്ധം പരത്തുന്നു.
കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ കുട്ടനാട്ടിൽ മിക്ക കുടുംബങ്ങളും ഗാർഹികാവശ്യങ്ങൾക്കായി പൊതു ജലാശയങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നലൊരു ശതമാനം ആളുകൾ കുടിക്കാൻ പോലും ഉപയോഗിക്കുന്ന വെള്ളമാണ് ഇപ്പോൾ ദുർഗന്ധവാഹിനിയാകുന്നത്. ഫിഷറീസ് വകുപ്പിന്റെ നിയമമനുസരിച്ചുള്ള വലകളല്ല പലപ്പോഴും മൽസ്യബന്ധനത്തിനുപയോഗിക്കുന്നത്.
അടക്കംകൊല്ലി വലകളുപയോഗിച്ചുള്ള മത്സ്യബന്ധനവും വ്യാപകമാണ്. ഇതിനു പുറമെ വൈദ്യുതി ഉപയോഗിച്ചും, ജലാശയങ്ങളിൽ കീടനാശിനി കലർത്തിയുള്ള മൽസ്യബന്ധനവും കുട്ടനാട്ടിലിപ്പോഴും തകൃതിയായി നടക്കുന്നു.