അമ്പലപ്പുഴ: വണ്ടാനം ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന അലങ്കാര മത്സ്യ വിൽപനശാലയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ചികിത്സയിൽ.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം മന്തറ ഷാജിയുടെ മകൻ അഭിജിത്ത് (21), അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നാലാം വാർഡിൽ ആനിലയിൽ അബ്ദുൾ അസീസിൻ്റെ മകൻ അജ്മൽ (21), നാലാം വാർഡിൽ നാവക്കാട് വീട്ടിൽ സണ്ണിയുടെ മകൻ റിജോ (18) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
പെട്രോൾ പമ്പിന് വടക്കുഭാഗത്തായുള്ള മറ്റൊരു അലങ്കാര വിൽപനശാലയിലെ മൂന്നു യുവാക്കളും വണ്ടാനം സ്വദേശികളായ 20 ഓളം വരുന്ന യുവാക്കളും ചേർന്ന അക്രമി സംഘം ഇന്നലെ ഉച്ചയോടെ കടയിൽ ചെല്ലുകയും, വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച് അവശരാക്കുകയും അക്വേറിയവും, അതിനുള്ളിൽ ഉണ്ടായിരുന്ന അലങ്കാര മത്സ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് എത്തിയ പുന്നപ്ര എസ്ഐ അബ്ദുൾ റഹിമും, എഎസ്ഐ സിദ്ദിഖും അടങ്ങിയ പോലീസ് സംഘം മർദ്ദനമേറ്റ് അവശനിലയിൽ കിടന്ന യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമികൾക്കായി പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.