കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് അടങ്ങിയെങ്കിലും അത് സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച അലയൊലികൾ അടങ്ങിയില്ല. കടൽ ക്ഷോഭത്തെതുടർന്ന് മത്സ്യ ബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങാതായതോടെ മത്സ്യവിലകുതിച്ചുകയറി.
നാലുദിവസം മുൻപുവരെ കിലോയ്ക്ക് 50 രൂപ വിറ്റിരുന്ന മത്തിക്ക് ഇപ്പോൾ വില 90-ൽ എത്തി. കിലോയ്ക്ക് 100 രൂപയുണ്ടായിരുന്ന അയിലയുടെ വില 160-ൽ എത്തി. വലിയ മത്സ്യങ്ങൾ കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ വലിയ വിലയും. ആവോലിയുടെ വില 450- മുതൽ 500 വരെ എത്തി. അയക്കൂറ വില 550-ൽ എത്തി.
മാന്തയ്ക്ക് 160-180 രൂപയാണ് വില. ചെമ്മീന് 400 രൂപയും ചെന്പല്ലിക്ക് 250 രൂപയും ഇന്നലെ വിപണിയിൽ ഈടാക്കി.മീൻ വില കുതിച്ചുകയറിയതോടെ അവസരം മുതലാക്കി കോഴിയിറച്ചിവിലയും കൂടി. കഴിഞ്ഞ ദിവസം വരെ 130 രൂപയുണ്ടായിരുന്ന കോഴിയിറച്ചി ഇപ്പോൾ 140-150 രൂപയ്ക്കാണ് വിൽക്കുന്നത്. കോഴിമുട്ട വില നേരത്തെ തന്നെ ആറു രൂപയിൽ എത്തിയിരുന്നു.
മണ്ഡലകാലമായതിനാൽ വിപണിയിലുണ്ടായ ഇടിവ് കടുത്ത വിലകയറ്റത്തിലൂടെ മറികടക്കാനാണ് ഒരു വിഭാഗം മീൻ-മാംസ കച്ചവടക്കാർ തീരുമാനിച്ചിരിക്കുന്നത്. വിലകൂടിയിട്ടും ഗുണനിലവാരമുള്ള മീൻകിട്ടാനില്ലാത്ത അവസ്ഥയും ഉണ്ട്. ശീതീകരിച്ച മീനുകളാണ് ഇപ്പോൾ പലയിടത്തും വിൽപന നടത്തുന്നത്.