അയ്മനം: അയ്മനം കല്ലുമടയാറ്റിൽ ചാകരക്കാലം. മുൻപൊക്കെ കാലവർഷത്തിൽ കുത്തൊഴുക്കു വരുന്പോൾ ലഭ്യമായിരുന്ന മത്സ്യസമൃദ്ധിയാണ് ഈ മേഖലയിൽ. പരൽ, പുല്ലൻ, ചെന്പല്ലി തുടങ്ങിയ ഇനങ്ങൾ വെള്ളത്തിനു മുകളിൽ കൂട്ടമായി എത്തിയിരിക്കുന്നു. ഇവയെ വലവീശി വിൽക്കാൻ മത്സ്യത്തൊഴിലാളികളും എത്തിയതോടെ പുഴയോരത്ത് തിരക്കേറി. ഓരോ വീശിനും വല നിറയെ മീൻ കിട്ടുന്നു. കാഴ്ചകാണാൻ മറ്റിടങ്ങളിൽനിന്നും ഏറെപ്പേരെത്തുന്നുണ്ട്.
കല്ലുമട പാലത്തിനു താഴെയുള്ള താൽക്കാലിക മണ്ബണ്ടിൽ ഉപ്പുവെള്ളം കയറിയതാണ് മീൻ വൻതോതിൽ എത്താൻ കാരണമായത്. കിലോയ്ക്ക് 50 രൂപ മുതൽ 100 രൂപ വരെ വിലയ്ക്കാണ് മീൻവിൽപ്പന. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ളം കയറിയപ്പോൾ കടൽമീനുകളും പുഴയിലേക്ക് കടന്നുവരുന്നു.മീൻ ലഭ്യത കൂടിയെങ്കിലും കുടിവെള്ളത്തിൽ ഉപ്പുരസം കൂടി എന്നതാണ് നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട്.