ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുട്ടികൾക്കു മത്സ്യം നല്കുന്നത് അവരുടെ ഐക്യു ലെവൽ, മാനസിക കഴിവുകൾ, പഠനത്തിലെ ശ്രദ്ധ എന്നിവ ഉയർത്താൻ സഹായിക്കും. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും മീൻ കഴിക്കുന്ന കുട്ടികളുടെ ഐക്യു, മത്സ്യം കഴിക്കാത്തതോ വല്ലപ്പോഴും കഴിക്കുന്നതോ ആയ കുട്ടികളുടേതിനേക്കാളും നാലു പോയിന്റ് കൂടുതലാണ്. കൂടുതൽ മത്സ്യം കഴിക്കുന്ന കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കുമെന്നു മാത്രമല്ല ഉറക്കത്തിനു ഭംഗം വരികയില്ലെന്നും പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഈ റിപ്പോർട്ടിൽ പറയുന്നു.
മത്സ്യങ്ങളിലെ ഒമേഗ-3 ഫാറ്റി ആസിഡ് ബുദ്ധിശക്തി വർധിപ്പിക്കുമെന്ന് നേരത്തേയുള്ള പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. നല്ല ഉറക്കം നല്കാനും ഒമേഗ-3 ഫാറ്റി ആസിഡുകൾക്കു കഴിയുമെന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ.