വിഴിഞ്ഞം: മീൻ പിടിത്തവള്ളത്തിൽ ബോട്ടിടിച്ചു. ഇടിച്ച ബോട്ട് നിർത്താതെ ഓടിച്ചു പോയി. ഇടിയുടെ ആഘാതത്തിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപെടുത്തി.
ഇന്നലെ രാത്രി പന്ത്രണ്ടോടെ വിഴിഞ്ഞത്തിനും മുപ്പത് കിലോമീറ്റർ ഉൾക്കടലിലായിരുന്നു സംഭവം.കോട്ടപ്പുറം സ്വദേശി യേശുദാസന്റെ സിന്ധു യാത്ര മാത എന്ന വള്ളത്തിൽ ഇന്നലെ വൈകുന്നേരം നാലോടെ പുറപ്പെട്ട തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ ഒലിവർ (56), ജോൺ(47) വിഴിഞ്ഞം സ്വദേശി ഷാജി (35) കരിംകുളം സ്വദേശി (60) എന്നിവരാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
വലവിരിച്ച് മീൻപിടിക്കുന്നതിനിടയിൽ അമിത വേഗത്തിലെത്തിയ ബോട്ട് വള്ളത്തിന്റെ പുറകിൽ എൻജിൻ ഘടിപ്പിച്ച ഭാഗത്താണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒലിവർ തെറിച്ച് കടലിൽ വീഴുന്നതിനിടയിൽ ഇടിച്ച ബോട്ട് രക്ഷപ്പെട്ടു. ഭാഗീകമായി തകർന്ന ഒരെഞ്ചിന്റെ സഹായത്തോടെ സംഘം ഇന്ന് പുലർച്ചെ തുറമുഖത്ത് എത്തി. ഇടിച്ച ബോട്ടിനായി മറൈൻ എൻഫോഴ്സ്മെന്റ് തിരച്ചിൽ ആരംഭിച്ചു.