കൊടുങ്ങല്ലൂർ :അഴീക്കോട് മുനക്കൽ കടപ്പുറത്തു തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട മത്സ്യ ബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബോട്ടിന് ഭാഗികമായി കേടുപറ്റി. ഇന്ന് അർധരാത്രി ഒരുമണിയോടെയാണ് അപകടം. തമിഴ്നാട് വെള്ളവള സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജെനീറ്റ പ്ലീന എന്ന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.
ഇരുട്ടിൽ ദിശ തെറ്റിയ ബോട്ട് തിരമാലയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപത് തൊഴിലാളികളും സുരക്ഷിതരാണ്. അഴീക്കോട് അഴിമുഖത്തു മത്സ്യബന്ധന യാനങ്ങൾക്കു ദിശ അറിയുന്നതിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകൾ ഏറെ നാളുകളായി തെളിയുന്നില്ല. ദിശാ സൂചക ലൈറ്റ് പ്രവർത്തിക്കാത്തത് കൂടുതൽ അപകടങ്ങൾക്കിടയാകുമെന്നു ചൂണ്ടികാണിക്കപ്പെടുന്നു.