തിരുവനന്തപുരം: പ്രളയമുഖത്തു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ട് തകർന്ന മത്സ്യത്തൊഴിലാളിക്കെല്ലാം പണം ലഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തകരാറിലായ മത്സ്യബന്ധന യാനങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തി നൽകി.
65000 ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കേണ്ടത് സർക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
എന്ജിന് കേടുപാടുകള്‍ തീർക്കുന്നതിന് മത്സ്യഫെഡിന്റെ വര്‍ക്ക്ഷോപ്പുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 533 വള്ളങ്ങളില്‍ 236 എണ്ണവും 406 എഞ്ചിനുകളില്‍ 247 എണ്ണവും അറ്റക്കുറ്റപ്പണി നടത്തി നൽകിയിട്ടുണ്ട്.
ഭാഗികമായി കേടുപാടുകള്‍ പറ്റിയതിനുപരിയായി ഒമ്പത് എന്‍ജിനുകളും 10 വളളങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 151 ലക്ഷം രൂപ ഇതിനായി ഇതുവരെ ചിലവഴിച്ചുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മല്‍സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും വ്യാപാരികള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.