നീണ്ടകര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ച ബോട്ട് നീണ്ടകര ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ് വിഭാഗം പിടികൂടി. കണ്ണൂർ രജിസ്ട്രേഷൻ ഉള്ള ബിസ്മി 1 എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്.
മറൈൻ എൻഫോഴ്സ്മെന്റ് എസ്പിയുടെ നിർദ്ദേശാനുസരണം നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് ഇൻസ്പെക്ടർ എസ്.എസ്. ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരവേ ശക്തികുളങ്ങര ഹാർബറിൽ നിന്നുമാണ് ബോട്ട് പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചതിൽ ഈ ബോട്ടിനു കൊല്ലത്തു മൽത്സ്യ വിപണനം നടത്തുന്നതിനുള്ള യാതൊരുവിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യം വിറ്റതിൽ 50000 രൂപയും പിഴയായി 250000 രൂപയും ചുമത്തുമെന്ന് കൊല്ലം ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളും തൊഴിലാളികളും മാത്രമേ നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യവിപണനം നടത്തുവാൻ പാടുള്ളുവെന്നും ഇത് ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ. നൗഷർഖാൻ അറിയിച്ചു.
പരിശോധനയിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ മനു, വിമൽ, മനോജ് ലാൽ, ലൈഫ് ഗാർഡ് റോയി, കോസ്റ്റൽ പോലീസ് എസ്ഐ പ്രശാന്ത്, എഎസ്ഐ ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്നും മറൈൻ എൻഫോഴ്സ്മെന്റ് അറിയിച്ചു.