കെ.കെ.അർജുനൻ
അയ്യന്തോൾ: കേരളം കണ്ട മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ചെറുവള്ളം ഇപ്പോൾ പാഴ് വസ്തുപോലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചാലക്കുടി, മുരിങ്ങൂർ, കാടുകുറ്റി മേഖലകളിൽ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന അനേകരെ രക്ഷപ്പെടുത്തിയ ചെറുവള്ളം ഇപ്പോൾ വെസ്റ്റ് പോലീസ് സ്റ്റേഷനോടു ചേർന്ന് രക്ഷകനെ കാത്തു കിടക്കുകയാണ്. വെള്ളത്തിൽ മുങ്ങിക്കിടന്ന വീടുകളിൽ ചെന്നിടിച്ചാണ് ഈ ചെറുവള്ളം കേടുവന്നത്.
പ്രളയമെല്ലാം കഴിഞ്ഞ് വള്ളം തിരികെ കൊണ്ടുപോകാൻ നോക്കിയപ്പോഴാണ് അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയില്ലെന്നും വൻതുക നന്നാക്കാൻ വേണ്ടിവരുമെന്നും ഉടമയ്ക്ക് മനസിലായത്. തുടർന്ന് ഉടമയായ മത്സ്യത്തൊഴിലാളി ഈ ചെറുവള്ളം ചാലക്കുടിയിൽ തന്നെ മനസില്ലാമനസോടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
നിരവധി പേരെ പ്രളയജലത്തിൽ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെടുത്തിയ ഈ ചെറുവള്ളം ഉപേക്ഷിച്ചുപോകാൻ ഉടമയ്ക്ക് തീരെ താത്പര്യമില്ലായിരുന്നുവെങ്കിലും വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ചാലക്കുടിയിൽ സിഐയായിരുന്ന ഹരിദാസൻ തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്നപ്പോൾ ഉടമയുടെ അനുവാദത്തോടെ ഈ ചെറുവള്ളവും കൂടെ കൊണ്ടുവന്നു.
അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി വെച്ചാൽ കാലവർഷക്കെടുതിയിലും മറ്റും ഏതെങ്കിലും അവശ്യഘട്ടത്തിൽ ഉപയോഗിക്കാമെന്ന ധാരണയിലാണ് അദ്ദേഹം ഇതിനെ കൂടെ കൊണ്ടുവന്നത്.പണിക്കാരെ കൊണ്ടുവന്ന് അറ്റകുറ്റപ്പണി ചെയ്യിക്കാൻ നോക്കിയപ്പോഴാണ് വൻ തുകയാണ് ചെലവു വരുന്നതെന്ന് മനസിലായത്. അതോടെ പണി നടക്കില്ലെന്ന് ഉറപ്പായി. എസ്ഐ ഇതിനിടെ പെൻഷനായി പോവുകയും ചെയ്തു. ഇപ്പോൾ സ്റ്റേഷനു മുന്നിൽ റോഡരികിൽ സ്റ്റേഷൻ മതിലിനോടു ചേർന്ന് കിടപ്പാണ് ഈ പ്രളയരക്ഷകൻ.