മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ.
വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം.
മീൻ ഹൃദയത്തിന്….
കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.ആഴ്ചയിൽ രണ്ടു തവണ മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ.
ഇക്കാര്യത്തിൽ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. രക്തസമ്മർദംകുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻകഴിക്കുന്നതും അമിതഭാരം കുറയ്ക്കാന് സഹായകമെന്നുഗവേഷകർ.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ?
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വർധിപ്പിക്കുന്നതിനു ഗുണപ്രദം.
പ്രായമായവരിലുണ്ടാകുന്ന ഓർമക്കുറവിനും പ്രതിവിധിയെന്നു ഗവേഷകർ. കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫലപ്രദം.
മീൻ കഴിച്ചാൽ സൗന്ദര്യം കൂടുമോ?
ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിനും മീൻ ഗുണപ്രദം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ മീനിലടങ്ങിയിരിക്കുന്ന ഇപിഎ സഹായകം.
സൂര്യാതപത്തിൽ നിന്നു ചർമത്തിനു സംരക്ഷണമേകുന്നു. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഡിപ്രഷൻ, അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായി ഗവേഷകർ. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനെണ്ണ വന്ധ്യത കുറയ്ക്കാൻ ഫലപ്രദമെന്നു പഠനങ്ങൾ.
ഉണക്കമീൻ പതിവായി കഴിക്കാമോ?
ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലായതിനാൽ അതു പതിവായി കഴിക്കുന്നത് ഗുണകരമല്ലെന്ന് ആരോഗ്യവിദഗ്ധർ. ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയ മീൻ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പഴകിയതും ചീഞ്ഞതുമായ മീനും ആരോഗ്യത്തിനു ഗുണകരമല്ല.
ഗർഭിണികൾ മീൻ കഴിച്ചാൽ…
ഗർഭാവസ്ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകൾ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു; ഒമേഗ 3 ഫാറ്റി ആസിഡുകളും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മീനിലുള്ള ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ. സന്ധിവാതം മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുന്നതിന് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇജിഎ എന്നിവ ഫലപ്രദമെന്നു പഠനങ്ങൾ. മീൻ കഴിക്കുന്നത്്് കുട്ടികളിലെ
ആസ്ത്മ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ.
കാൻസർ സാധ്യത കുറയ്ക്കുമോ?
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ.