കരുനാഗപ്പള്ളി :ആരോഗ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ മത്സ്യ മാർക്കറ്റുകളിൽ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ പുഴുവരിച്ചമത്സ്യവും രാസവസ്തുക്കൾ കലർത്തിയ മത്സ്യവും ഉൾപ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു. ദേശീയപാതയിൽ കന്നേറ്റിക്കു സമീപമുള്ള മാർക്കറ്റ്, മൂന്നാംമൂട്, ആലുംമൂട് , പുതിയകാവ് എന്നീ മാർക്കറ്റുകളിലാണ് പരിശോധന നടന്നത്.
കന്നേറ്റിക്ക് സമീപമുള്ള മത്സ്യ മാർക്കറ്റിൽ നിന്നും പുഴുവരിച്ചതും കാലപ്പഴക്കംചെന്നതുമായ 38 കിലോ മത്സ്യം പിടിച്ചെടുത്തു. പുതിയകാവ് മാർക്കറ്റിൽ പരിശോധന സംഘം എത്തുന്നതറിഞ്ഞ് പഴകിയ മത്സ്യങ്ങൾ ചാക്കിൽ കെട്ടി മാർക്കറ്റിനുള്ളിലെ ചെറിയ മുറിക്കുള്ളിലേക്ക് മാറ്റിയ നിലയിൽ കണ്ടെത്തി.
ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു.14 കിലോ മത്സ്യമാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.പുതിയകാവിലെ മാർക്കറ്റിൽ നിന്നും ഒരു കിലോ കരിമീൻ ഫോർമാലിൻ രാസവസ്തു കലർത്തിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ നഗരസഭ അധികൃതർക്ക് കൈമാറി. മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പഴകിയ മത്സ്യങ്ങൾ പിന്നീട് നശിപ്പിച്ചു കളഞ്ഞു. ട്രോളിംഗ് നിരോധനം ആയതോടുകൂടി വ്യാപകമായ രീതിയിൽ പഴകിയ മത്സ്യങ്ങളും രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളും വ്യാപകമായി വിപണിയിൽ എത്തുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും പരിശോധന ശക്തമാക്കിയത്.
ഓപ്പറേഷൻ സാഗര റാണി – 2 പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്.
കരുനാഗപ്പള്ളി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ അനീഷശ്രീനന്ദ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.