പത്തനംതിട്ട: പച്ചമത്സ്യങ്ങളിൽ രാസവസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നതായി പരാതി ആഴ്ചകളോളം പഴക്കമുള്ള മത്സ്യങ്ങൾ കേടുവരാതിരിക്കാൻ രാസവസ്തുക്കൾ ചേർത്ത് കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ചാണ് വില്പനയ്ക്കായി എത്തിക്കുന്നത്. മത്സ്യ മൊത്തക്കച്ചവടക്കാരാണ് രാസവസ്തുക്കൾ ചേർത്ത് സൂക്ഷിക്കുന്നത്. ഇവർ വഴിയോര, ചില്ലറവില്പനക്കാർക്ക് നൽകുന്നു.
ഫോർമാലിൻ, ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ചേർത്ത് ആഴ്ചകളോളം ട്രീറ്റ് ചെയ്താണ് മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത്. ഫോർമാലിൻ ചേർത്താൽ ആഴ്ചകളോളം കേടാകാതിരിക്കും എന്നതാണ് പ്രത്യേകത. ഹൈഡ്രജൻ പെറോക്സൈഡ് ചേർത്താൽ മാസങ്ങളോളം മത്സ്യങ്ങൾ കേടൂകൂടാതെ സൂക്ഷ്ക്കാൻ സാധിക്കും.
ഫോർമാലിൻ പോലെയുള്ള രാസവസ്തുക്കൾ മനുഷ്യശരീരത്തിലെത്തിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കിലോക്കണക്കിന് മത്സ്യങ്ങൾ കെമിക്കലുകൾ ചേർത്ത് കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന പതിവുണ്ട്.
പിന്നീട് ആവശ്യക്കാർ എത്തുന്നതിനനുസരിച്ച് രാസവസ്തുക്കൾ ചേർത്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. മാരകരോഗങ്ങൾ ക്ഷണിച്ചുവരുത്തുന്ന രാസവസ്തുക്കളാണ് മത്സ്യങ്ങളിൽ വ്യാപകമായി ചേർത്തുവരുന്നത്. ഇവയുടെ ഉപയോഗം കൂടുന്നതായ പരാതികളിൽ ആരോഗ്യവകുപ്പ് ഇടയ്ക്കൊക്കെ പരിശോധന നടത്തുമെങ്കിലും എല്ലായിടത്തുമെത്താറില്ല.
നാലുദിവസങ്ങൾക്കപ്പുറത്തേക്ക് മത്സ്യം കേടുകൂടാതെ ഇരിക്കാറില്ല.
എന്നാൽ വ്യാപാരികൾ പലപ്പോഴും ഏറെ ദിവസങ്ങൾ ഇവ സൂക്ഷിച്ചുവയ്ക്കാറുണ്ട്. മത്സ്യത്തിൽ നിരോധിക്കപ്പെട്ട രാസവസ്തുക്കൾ ചേർത്തതായി തെളിഞ്ഞാൽ ശക്തമായ നടപടിയില്ലാത്തതിനാൽ ഇത്തരം പ്രവണതകൾ പലപ്പോഴും തുടരുന്നതാണ് കണ്ടുവരുന്നത്. വിപണിയിൽ മത്സ്യത്തിന്റെ വിലയിലും കുറവ് കാണുന്നില്ല. വ്യാപാരികളാണ് വില നിർണയം നടത്തുന്നത്.