കട്ടപ്പന: ജില്ലയിൽ ചെറുകിട മത്സ്യവാപാര കേന്ദ്രങ്ങളിൽ വ്യാപകമായ റെയ്ഡും പിടിച്ചെടുക്കലും തകൃതിയാണ്.
ചില്ലറ വിൽപ്പനക്കാരിൽനിന്നും മീൻ വാങ്ങി കഴിച്ച പലർക്കും ഭക്ഷ്യ വിഷബാധയുമുണ്ടായി.
ആരോഗ്യ വകുപ്പിന്റെ പരിശോധന ചെറുകിടക്കാരുടെ മീൻകുട്ടയിൽ മാത്രം ഒതുങ്ങുന്നതിൽ ദുരൂഹതയുണ്ട്. വന്പൻമാരുടെ മീൻകുട്ടയ്ക്കു മുകളിൽ പരുന്തു പറക്കില്ലെന്നതിന്റെ തെളിവാണിത്.
മൊത്തക്കച്ചവടക്കാരുടെയോ ഏജന്റുമാരുടെയോ അടുത്തേക്കു പരിശോധന എത്തുന്നില്ല. രാജ്യത്തെ മൊത്ത വ്യാപാരികൾ “വലിയ സ്രാവുകളാണ്’ എന്നതുതന്നെയാണ് പരിശോധന അവരുടെ അടുത്തേക്ക് എത്താത്തതിനു കാരണം.
തമിഴ്നാട്, മംഗലാപുരം, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമാണ് കേരളത്തിൽ പ്രധാനമായും മീൻ എത്തുന്നത്.
ഇടുക്കി ജില്ലയിൽ മീൻ എത്തിക്കുന്നത് പ്രധാനമായും മൂവാറ്റുപുഴ, ഏറ്റുമാനൂർ, പെരുന്പാവൂർ മാർക്കറ്റുകളിൽനിന്നാണ്.
തമിഴ്നാട്ടിൽനിന്നും കുമളി വഴി വന്പൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്ന മീൻ ഈ മാർക്കറ്റുകളിൽ എത്തിച്ചാണ് മൊത്തവ്യാപാരികൾക്കു നല്കുന്നത്.
അവർ പല സ്ഥലങ്ങളിലും എത്തിച്ച് ചെറുകിട വ്യാപാരികൾക്കു നൽകുകയാണ്. കട്ടപ്പന ഇതിലൊരു പ്രധാന കേന്ദ്രമാണ്.
ചെറുകിട വ്യാപാരികളും തലച്ചുമട് (ഓട്ടോറിക്ഷ, എം – 18 ) വ്യാപാരികൾ അന്നന്നത്തേക്കുള്ള സാധനങ്ങളാണ് മൊത്ത വ്യാപാരികളിൽനിന്നും സാധാരണയായി എടുക്കുന്നത്.
അവിടെ മിച്ചംവരുന്നത് വളരെ കുറഞ്ഞ അളവിലാണ്. പ്രധാനമായും മീനിൽ രാസവസ്തു പ്രയോഗം വ്യാപകമായി നടക്കുന്നത് വൻകിട വ്യാപാര സ്ഥലങ്ങളിലും ഇറക്കുമതി സ്ഥലങ്ങളിലുമാണ്.
ഇവിടെ പരിശോധന നടത്തി കൃത്രിമം കണ്ടെത്തിയെങ്കിലേ മീനിലെ രാസവസ്തു പ്രയോഗം തടയാനാകൂ.
ജില്ലയിൽ വ്യാപകമായി അഴുകിയതും കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ പച്ചമീൻ വിൽപ്പനയുണ്ട്.
അത് മീൻ വ്യാപാരികൾതന്നെ സമ്മതിക്കുന്നതുമാണ്. പാകം ചെയ്താൽ എരിവും ഉപ്പും പുളിയും പിടിക്കാത്ത പച്ചമീൻ എത്ര വേണമെങ്കിലും ലഭ്യമാണ്.
ചെറുകിട വ്യാപാരിയിൽനിന്നും വാങ്ങുന്ന മീൻ പാകംചെയ്തു വച്ചാൽപോലും ഒരുദിവസം കഴിയുന്പോൾ നിറവും ഗുണവും മോശമാകുകയാണ്.
പച്ചമീൻ കഴുകിയാൽ അഴുകി പോകുകയും മീൻവെള്ളം പറ്റുന്ന സ്ഥലം ചൊറിയുകയും ചെയ്യുന്നത് സർവ സാധാരണമാണ്. ഗുണമുള്ള മീനുകളിൽ ഇതു സംഭവിക്കാറില്ല.
ഏറ്റവും കൂടുതൽ ഉപയോഗശൂന്യമായ മീൻ വിറ്റഴിക്കുന്നതും ഹൈറേഞ്ചു മേഖലയിലാണ്. ഇത്തരം മീനുകൾ ചെറുകിട വ്യാപാരികളുടെ കിടപ്പു സ്റ്റോക്കല്ല.
വിദേശ രാജ്യങ്ങളിൽനിന്നും ഉപയോഗകാലം കഴിഞ്ഞ് ഉപേക്ഷിക്കുന്ന മീനും ഇവിടെ വിൽപ്പനയുണ്ട്.
വിദേശ മാർക്കറ്റിൽനിന്നും പെട്ടികളിൽ ഇവിടെ എത്തുന്ന മീൻ അതിന്റെ ഉപയോഗകാലവും മറ്റും മാറ്റിയാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇത് ഇവിടുത്തെ ചെറുകിട വ്യാപാരികൾ ഇറക്കുമതി ചെയ്യുന്നതല്ല.
ഇതൊക്കെ പരസ്യമാണെങ്കിലും ആരോഗ്യ വകുപ്പിന്റെ പരിശോധന ആ വഴിക്കു തിരിയുന്നില്ല. ഇതിന്റെ ഏറ്റവും വലിയ ഇരകളിൽ ഒരുവിഭാഗം ഹോട്ടലുകാരും കേറ്ററിംഗ് നടത്തിപ്പുകാരുമാണ്.
മാർക്കറ്റിൽനിന്നും അപ്പോൾ എത്തിയതാണെന്ന് ഉറപ്പാക്കി വാങ്ങി ഉപയോഗിക്കുന്ന മീനിൽനിന്നും വിഷബാധ ഉണ്ടായി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഇതിന്റെ പഴി ഹോട്ടലുകാരും കേറ്ററിംഗുകാരും ഏൽക്കേണ്ടിവരുന്ന ദയനീയ സ്ഥിതിയുമുണ്ട്.