കോഴഞ്ചേരി: “ഫിഷ് കറി മീല്‍സ് വേണ്ട, ഊണ് മതി’. മീനുകളില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് ഹോട്ടലുകളില്‍ ഫിഷ് കറി മീല്‍സിന് ആവശ്യക്കാര്‍ കുറഞ്ഞിരിക്കുന്നു. കോഴഞ്ചേരിയിലെ സാധാരണ ഹോട്ടലുകളില്‍ 50 പീസ് മീന്‍കറി വില്പന നടത്തിയിടത്ത് പത്തായി കുറഞ്ഞിരിക്കുകയാണ്.
ഊണിനോടൊപ്പം മീന്‍ തൊട്ടുകറിയായി കൊടുത്താല്‍ പോലും ആളുകള്‍ക്കുവേണ്ട എന്നു പറഞ്ഞു തുടങ്ങിയതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. സാധാരണ ആളുകള്‍ക്ക് ഏറെ പ്രിയമായിരുന്ന ‘മത്തി വറുത്തതിനും മത്തി തോരനും’ ഡിമാൻഡില്ലാതായിരിക്കുന്നു.
ഫിഷ് കറി മീല്‍സിന് 100 രൂപ വാങ്ങിയിടത്ത് ഇപ്പോള്‍ 60 രൂപയ്ക്ക് ഊണ് മാത്രമാണ് നല്‍കുന്നത്. പല ഹോട്ടലുകളും വാങ്ങിയിരുന്ന മത്സ്യത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. പെട്ടിവണ്ടികളിലും മറ്റും മത്സ്യം സ്ഥിരമായി വീടുകളില്‍ എത്തിച്ചിരുന്നവരുടെ പക്കല്‍നിന്നു പോലും മീന്‍ വാങ്ങാന്‍ വീട്ടുടമകള്‍ തയാറാകുന്നില്ല. ഊണു കഴിക്കുന്നതിന് മത്സ്യം നിര്ബന്ധമായിരുന്നവര് അത് ഉപേക്ഷിക്കുകയും മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
കോഴഞ്ചേരി – പുല്ലാട് മത്സ്യ ചന്തകളില്‍ കൊല്ലം – നീണ്ടകരയിലെ മീനാണെന്ന് ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തിട്ടും കച്ചവടം നടക്കുന്നില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു. ഉണക്ക മീനിന്റെ കച്ചവടവും നാമമാത്രമായി. മുന്‍കാലങ്ങളില്‍ ട്രോളിംഗ് നിരോധനം ഉണ്ടാകുമ്പോള്‍ ഉണക്കമീനിന്റെ കച്ചവടം കൂടുന്നതായിരുന്നു.
എന്നാല്‍ ഇക്കുറി അതും ഉണ്ടായിട്ടില്ലെന്ന് ചെറുകിട ഉണക്ക മീന്‍ കച്ചവടക്കാര്‍ പറഞ്ഞു. എന്നാല്‍ ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഓണ്‍ലൈന്‍ മത്സ്യ കച്ചവടക്കാര്‍. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് വീടുകളിലും മറ്റും മത്സ്യം എത്തിക്കുന്നുണ്ട്.
പുല്ലാട് , കുമ്പനാട്, കോഴഞ്ചേരി പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ കച്ചവടക്കാര്‍ ഇരുചക്രവാഹനത്തിലാണ് ഏറ്റവും വൃത്തിയും ആകര്‍ഷകവുമായ കവറുകളില്‍ മത്സ്യം എത്തിക്കുന്നത്. തലേ ദിവസം ഓര്‍ഡര്‍ നല്കിയാല് പിറ്റേദിവസം രാവിലെ 10 നും 12 നും മധ്യേ വീടുകളില്‍ മത്സ്യം എത്തിക്കും. മോത, കൊഞ്ച്, ആവോലി, മത്തി തുടങ്ങിയ എല്ലാതരത്തിലും പെട്ട മത്സ്യങ്ങളും വീടുകളില്‍ ഓണ്‍ലൈന്‍ വഴി എത്തുന്നു.
കുറഞ്ഞത് 500 രൂപയില്‍ കുറവ് ഓര്‍ഡറാണെങ്കില്‍ സര്‍വീസ് ചാർജ് നല്‍കേണ്ടിവരും. പൊതുമാർക്കറ്റുകളിൽ മത്സ്യത്തിനു പകരം കോഴി, മാട് ഇറച്ചിക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. കോഴിക്ക് ഡിമാൻഡ് ഏറിയതോടെ വിലയും കൂടിത്തുടങ്ങി.