പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കൊറോണ കാലം കഴിയുമ്പോൾ കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കു് സാധ്യത. മത്സ്യ കറിയോ മത്സ്യവിഭവങ്ങളോ ഇല്ലാതെ ആഹാരം കഴിക്കാൻ കഴിയാത്തവരെയാണ് രോഗങ്ങൾ പിടികൂടുക.
രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മത്സ്യ ബന്ധന മേഖലയും സ്തംഭിച്ചിരുന്നു. മത്സ്യ മില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാത്ത മലയാളിയെ ചൂഷണം ചെയ്യാൻ മറ്റ് സംസ്ഥാനക്കാർക്ക് ഇത് അവസരമായി. ഫോർമാലിനും മറ്റ് രാസവസ്തുക്കളും ചേർത്ത മത്സ്യങ്ങളുടെ വിപണിയായി കേരളം മാറി.
ഫോർമാലിൻ ഉൾപ്പെടെ രാസപദാർഥങ്ങളിൽ സൂക്ഷിച്ചതും പഴകിയതുമായ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പോലീസിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പിടികൂടാൻ തുടങ്ങി. കൊല്ലം ജില്ലയിൽ 13 സ്ഥലങ്ങളിൽ നിന്ന് കണ്ടെയ്നറിൽ കൊണ്ടുവന്ന 43 ടൺ പിടികൂടി നശിപ്പിച്ചെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കലപറഞ്ഞു.
പരാതികൾ വ്യാപകമായതിനെ തുടർന്നാണ് അധികൃതർ മത്സ്യം പിടികൂടാൻ തുടങ്ങിയത്. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം, കുളച്ചൽ, തുത്തുക്കുടി, നാഗപട്ടണം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, നെല്ലൂർ, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള മീനാണ് പിടികൂടിയത്.
മാസങ്ങൾ പഴക്കമുള്ള ചൂര, ചാള, ഓലതള, ചെമ്മീൻ, വങ്കട തുടങ്ങിയ മീനുകളായിരുന്നു ഇത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റുകൾ കടന്ന് ഇത്ര ദൂരം എത്തിയത് എങ്ങനെയെന്നത് ദുരുഹമാണ്.
കേരളത്തിൽ എത്തിയിട്ടും വഴിയിൽ പരിശോധിക്കാതിരുന്നതും പിടികൂടിയതിന്റെ എത്രയോ ഇരട്ടി മത്സ്യം ആരോരുമറിയാതെ ചന്തകളിലൂടെയും ചെറുവാഹനങ്ങളിലും ബൈക്കുകളിലും വീടുകളിലെത്തിച്ചും വില്പന നടത്തിയിട്ടുണ്ട്.
ഇത്തരം മീനുകൾ അച്ചാറുകമ്പിനികളും വാങ്ങിയിട്ടുണ്ടാകാം. അമിതമായ എരിവും വിനാഗിരിയും കൂടി ചേർത്ത് മീൻ അച്ചാറുണ്ടാക്കിയാൽ ആർക്കും പഴകിയതോ, രാസവസ്തുക്കൾ ചേർത്ത തോ ആയ മീനാണെന്ന് തിരിച്ചറിയാൻ കഴിയില്ല എന്ന് വിദഗ്ധർ പറയുന്നു.
ഫോർമാലിൻ ചേർത്ത് ഐസ് ഉണ്ടാക്കിയാൽ ഐസ് ഉരുകി തീരില്ല. മത്സ്യത്തിന് നല്ല കട്ടിയും ഫ്രഷായും തോന്നിക്കും. ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നവർക്ക് വായ മുതൽ കുടൽ വരെ വൃണങ്ങൾ ഉണ്ടാകാം. തല കറക്കം, ക്ഷീണം, നീണ്ട നില്ക്കുന്നവയറിളക്കം എന്നിവയ്ക്കും സാധ്യത.
സ്ഥിരമായി ഇത്തരം മീനുകൾ കഴിക്കുന്നവർക്ക് കാൻസർ പിടിപെടാനും സാധ്യതയുണ്ടന്ന് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് കുമാർ പറഞ്ഞു. വ്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സർട്ടിഫിക്കറ്റുകളോ, ചെറുകിട വ്യവസായത്തിന്റെ ലൈസൻസോ ഇല്ലാതെ മീൻ കൊണ്ടുവന്ന രണ്ട് പേർക്ക് പിഴശിക്ഷ നല്കിയിട്ടുണ്ട്. ഒരാൾക്ക് 40,000 രൂപയും മറ്റൊരാൾക്ക് 10,000 രൂപയുമാണ് പിഴ ചുമത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകല അറിയിച്ചു.