ചെങ്ങന്നൂർ: വരട്ടാറിലെ വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുർഗന്ധവും അനുഭവപ്പെടുന്നതായും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും പരാതി. മഴുക്കീർ വഞ്ചിമൂട്ടിൽക്കടവ് മുതൽ പന്പാനദിയേയും മണിമലയാറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരമല്ലിക്കര വാളത്തോട് വരെയുള്ള ഭാഗങ്ങളിലാണ് മീനുകൾ ചത്തുപൊങ്ങുന്നത്. കട്ടിള, കുയിൽ, വാള, പരൽ, കരിമീൻ കുഞ്ഞുങ്ങൾ, പള്ളത്തി തുടങ്ങിയ മീനുകൾ വെള്ളത്തിനു മീതെ മയങ്ങി നടക്കുകയാണ്. മറ്റുള്ള ചെറുമീനുകൾ ചത്തുപൊങ്ങുന്നുമുണ്ട്.
മീൻ പിടിക്കുവാൻ ആറ്റിൽ ഇറങ്ങുന്നവർക്ക് ദേഹമാസകലം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതായും പറയുന്നു. ഒന്നരആഴ്ചയ്ക്ക് മുൻപ് വരട്ടാറ്റിൽജലനിരപ്പ് ഉയർന്നിരുന്നു. പടിഞ്ഞാറോട്ട് ഒഴുക്കും ഉണ്ടായിരുന്നു. ജലനിരപ്പ് താഴ്ന്നതോടെയാണ് ഈ പ്രതിഭാസം കാണപ്പെട്ടത്.
രാസമാലിന്യം ജലത്തിൽ കലർന്നിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടിണ്ട്. മുന്പും ഈ പ്രദേശത്ത് ഇത്തരത്തിൽ വെള്ളം കറുത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് 2017 ജനുവരിയിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ കീഴിലുള്ള കോഴിക്കോട്ടെ കോട്ടാംപറന്പ് ഗവേഷണ സ്ഥാപനമായ സെന്്രറൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ള്യു.ആർ.ഡി.എം.) വഞ്ചിപ്പോട്ട് കടവ് മുതൽ ഇരമല്ലിക്കര വാളത്തോട് വരെയുള്ള ഭാഗങ്ങളിലെ 20 ഓളം കിണറുകളിലേയും, ആറ്റിലേയും സാന്പിൾ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു.
ജലത്തിലെ പിഎച്ച് മൂല്യം മുതൽ ഇ കോളി വരെയുള്ള ഘടകങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ജലത്തിൽ അടങ്ങിയ വിവിധ ഘടകങ്ങൾ അനുവദനീയമായതിൽ കൂടുതൽ എന്ന് കണ്ടെത്തിയത്. പൂരിത ഓക്സിജന്റെ അഭാവം, ഇ കോളി ബോക്ടീരിയയുടെ സാന്നിദ്ധ്യം ക്രമാതീതമായി വർധിച്ചും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാവുന്നതാണെന്ന് ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ 2017 ജൂണിൽഅക്ഷയ പന്പാ മിഷന്റെ സഹകരണത്തോടെ ഇരമല്ലിക്കര ദേവസ്വം ബോർഡ് അയ്യപ്പാ കോളേജ് പ്രിൻസിപ്പൾ ഡോ: അനിൽ കുമാറിന്റെ നേതൃത്വത്തിൽ മൈക്രോ ബയോളജി വിഭാഗത്തിൽ നിന്നും ആറംഗ സംഘം വരട്ടാറിലെ വിവിധ കടവുകളിൽ നിന്നും ശേഖരിച്ച വെള്ളം ലാബിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ജലത്തിൽ ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ അളവ് സി.ഡബ്ള്യൂ, ആർ, ഡി.എം (ജല വിഭവ വികസന വിനിയോഗ കേന്ദ്രം) പരിശോധിച്ച അളവിനേക്കാൾ (120 എം.പി.എൻ/100 എം.എൽ ) പതിനാല് മടങ്ങ് കൂടുതൽ ആണന്ന് കണ്ടെത്തിയിരുന്നു.
(1600 എം.പി.എൻ/100 എം.എൽ. ) അതിൽ തന്നെ ഇകോളിയുടെ സാന്നിദ്ധ്യം വളരെ ഉയർന്ന തോതിൽ ഉണ്ടായിട്ടുണ്ട്. ഇത് വെള്ളത്തിൽ ഒട്ടും ഉണ്ടാവാൻ പാടില്ലാത്തതാണ്. ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ വളരെ താഴ്ന്ന അളവ് വരട്ടാറിലെ രൂക്ഷ ഗന്ധത്തിനും അതിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടക്കള മാലിന്യങ്ങളും, അറവ് മാലിന്യങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ നദിയിൽ തള്ളിയാണ് നദി കൂടുതൽ മാലിന്യവാഹിനിയായത്.
നദിയിലെ ജലം, സമീപമുള്ള കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസുകൾ എന്നിവയിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്ത് നടപ്പാക്കുന്നതിന് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തുകളും തയ്യാറാവണം.