കോണത്തുക്കുന്ന് : മത്സ്യകർഷകർക്കു പ്രളയം സമ്മാനിച്ചത് കോടികളുടെ നഷ്ടം. കനോലി കനാലിന്റെ തീരത്താണു ഭൂരിഭാഗം കർഷകരും മത്സ്യകൃഷി ചെയ്യുന്നതിനാൽ നഷ്ടം വലുതായി. ഓരുജല, ശുദ്ധജല മത്സ്യകർഷകരെ പ്രളയം ബാധിച്ചു. നിലവിൽ 40 ഹെക്ടർ സ്ഥലത്താണു മേഖലയിലെ മത്സ്യകൃഷി.
ഇതിൽ വിളവെടുക്കാനിരുന്ന 12 ഹെക്ടർ കൃഷിയിടത്തിലെ കാര ചെമ്മീനാണു വെള്ളം കയറി ഒഴുകിപോയത്. 15 ടണ്ണോളം ചെമ്മീനാണ് ഇപ്രകാരം നഷ്ടമായത്. ഒരുകോടിയോളം രൂപയാണു ഈ ഇനത്തിൽ വെള്ളത്തിലായത്. ഒരാഴ്ച വ്യത്യാസത്തിലാണു ഈ വലിയ നഷ്ടം ഇവരെ ബാധിച്ചത്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പകുതി ദിവസം പൂർത്തിയായ കൃഷിയിടങ്ങളിലും വെള്ളം കയറി. പല കൃഷിയിടങ്ങളും ബണ്ടുകൾ ഉൾപ്പെടെ തകർന്ന സ്ഥിതിയിലാണ്. കുളം ഒരുക്കി കൃഷിയിറക്കാനുള്ള വലിയ തുകയും ഇവർക്കു നഷ്ടപ്പെട്ടു. ഓരുജല മത്സ്യകൃഷിയായി കരിമീൻ കൃഷി ചെയ്തവർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്. ഓണം, ബക്രീദ് സമയത്ത് വിളവെടുപ്പിനു സജ്ജമായിരുന്ന കുളങ്ങൾ വെള്ളത്തിനടിയിലായി.
ഈ ഇനത്തിൽ നാലു ഏക്കറോളം കരിമീൻ കൃഷി നശിച്ചു. ശുദ്ധജല മത്സ്യകൃഷി നടത്തിയിരുന്ന പത്തു ഹെക്ടറോളം വരുന്ന കൃഷിയിടവും വെള്ളം കയറി നശിച്ചു. ശുദ്ധജലകൃഷി ചെയ്യുന്ന പല കർഷകരും ആദ്യവർഷത്തിൽ വിളവെടുത്തില്ല. ഒരു വർഷത്തിനുശേഷം വളർച്ച കൂടുന്പോൾ വിളവെടുക്കാമെന്നു കരുതിയ നിരവധി കർഷകർക്കും ലക്ഷങ്ങൾ നഷ്ടമായി.
ഭൂരിഭാഗം കർഷകരും ശാസ്ത്രീയരീതിയിൽ മത്സ്യകൃഷി ചെയ്യുന്നവരാണ്. അതിനാൽ അവർക്കുണ്ടാകുന്ന പ്രാഥമിക ചെലവുകളും ഏറെയാണ്. മേഖലയിലെ 90 ശതമാനത്തോളം മത്സ്യകൃഷിയിടങ്ങളിൽ വെള്ളം കയറി. പ്രളയദുരിതത്തിൽ നഷ്ടമായ കർഷകർക്കു കരകയറാൻ വർഷങ്ങൾ വേണ്ടിവരും.