പുതുമഴയില്‍ വെള്ളം കുതിച്ചെത്തിയതോടെ മീനച്ചിലാറ്റിലെയും കൈതോടുകളലെയും കടവുകളില്‍ മീന്‍ ചാകര. കിഴക്കന്‍ മലവെള്ളത്തിനൊപ്പം കൂട്ടമായി എത്തുന്ന പുല്ലന്, വാള, വയമ്പ്, പരല്‍, കുറുവ, മഞ്ഞക്കൂരി മീനുകളാണ് സുലഭമായുള്ളത്.
കോട്ടയംകാരുടെ ജനകീയ മീന്പിടിത്തമെന്നാണു കാലവര്‍ഷക്കാലത്ത് നടക്കുന്നത്. ആരു വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം . വിവിധ നാടുകളില്‍ നിന്നെത്തി കോട്ടയം കടവുകളിലെത്തി കുട്ടയും വട്ടിയും വല്ലവും നിറച്ച് മീനുമായി മടങ്ങുന്നവര്‍ ഏറെയാണ്.
താഴത്തങ്ങാടി, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, എലിപ്പുലിക്കാട്ട്, നാഗമ്പടം, കിടങ്ങൂര്‍, കട്ടച്ചറി എന്നിവിടങ്ങളിലാണു പുതുമഴക്കാലത്ത് മീന്‍പിടിത്തം പതിവായുള്ളത്. കൊടുരാറ്റിലും മീനച്ചിലാറ്റിലുംനിന്ന് പാടങ്ങളിലേക്കും തോടുകളിലേക്കും മീന്‍ കയറുക പതിവാണ്. തോടുകളില്‍നിന്നു കരിമീനും കയറിവരാറുണ്ട്. പിടിക്കുന്ന മീനുകള്‍ കൂട്ടത്തോടെ വഴിയരികിലിട്ട് അപ്പോള്‍ത്തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. പുഴമീന്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്.
പീരപറ്റിക്കാന് പറ്റിയ രുചിമീനുകളാണു മീന്‍ പിടുത്തക്കാര്‍ പിടിക്കുന്നത്. കീറിയിട്ട പച്ചമുളകും ചെറിയുള്ളി ചതച്ചതും കുടംപളിയും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രുചി. പിടിക്കുന്ന മീനുകള്‍ക്കൊക്കെ നല്ല മുട്ടയും ഉണ്ടാവും. മീന്‍ മുട്ട അഥവാ പനഞ്ഞില് കൊണ്ടുണ്ടാക്കിയ വിഭവങ്ങളും നാടിന് രുചിഭേദം പകരുന്നു. മീനുകളുടെ പ്രജനന കാലം കൂടിയായതിനാല്‍ അടക്കം, കൊല്ലി വല ഉപയോഗിച്ചുള്ള ഊത്തപിടുത്തത്തിനു നിരോധവുമുണ്ട്.