ഒക് ലഹോമ: കീ സ്റ്റോൺ തടാകത്തിൽ മത്സ്യബന്ധനത്തിനിറങ്ങിയ കോറി വാട്ടേഴ്സിനും മകനും തങ്ങളുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല, വലയിൽ കുടുങ്ങിയത് 151.9 പൗണ്ട് തുക്കമുള്ള പാഡിൽ ഫിഷ്.
ഉടൻതന്നെ ഒക് ലഹോമ വൈൽഡ് ലൈഫ് കൺസർവേഷൻ നോർത്ത് ഈസ്റ്റ് ഫിഷറീസിനെ വിവരം അറിയിച്ചതിനെതുടർന്നു സ്ഥലത്തെത്തിയ സംഘം മത്സ്യത്തിന്‍റെ തൂക്കവും നീളവും അളന്നശേഷം റിക്കാർഡുകൾ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡിൽ ഫിഷ്, പുതിയ ലോക റിക്കാർഡും സംസ്ഥാന റിക്കാർഡും തിരുത്തി കുറിച്ചതെന്നു മനസിലായത്.
ഇതിനുമുന്പ് ഇതേ തടാകത്തിൽനിന്നും പിടികൂടിയ 146 പൗണ്ടും 11 ഔൺസും തൂക്കമുള്ള പാഡിൽ ഫിഷിന്‍റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്.
ഇപ്പോൾ പിടികൂടിയ പാഡിൽ ഫിഷ് 1997 ൽ ജനുവരി നാലിന് കീസ്റ്റോൺ ലേക്ക് സാൾട്ട് ക്രീക്ക് ഏരിയായിൽനിന്നും പിടികൂടിയതായിരുന്നു.
അന്ന് ഏഴു പൗണ്ട് തൂക്കവും രണ്ട് അടി നീളവുമായിരുന്നുവെന്ന് ഒക് ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ പറഞ്ഞു. അന്ന് അടയാളപ്പെടുത്തിയശേഷം വിട്ടയച്ച ഈ മത്സ്യത്തെ ഗാർമിൽ ലൈവ് സ്കോപ്പ് സോനാർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്നും ഇവർ പറഞ്ഞു.
പുതിയ മത്സ്യത്തേയും അളന്നു തിട്ടപ്പെടുത്തിയശേഷം വിട്ടയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ