ഒരു മീനിന് പരമാവധി എത്ര രൂപ വരെ കിട്ടും. 50,000 കൂടിപ്പോയാല്‍ ഒരു ലക്ഷം രൂപ വരെ. എന്നാല്‍ ചൈനയില്‍ ഒരു മീനിന് ഇട്ടിരിക്കുന്ന വില കേട്ടാല്‍ ഏതു കോടീശ്വരനും ഒന്നു ഞെട്ടും. ഒരു കോടി പത്തുലക്ഷം രൂപയാണ് ഈ മീന്‍ വാങ്ങണമെങ്കില്‍ മുടക്കേണ്ടിവരുക. വില ഇനിയും കൂടിയേക്കുമെന്നും ഉടമസ്ഥര്‍ പറയുന്നു. വില ഇത്രമാത്രം കൂടാന്‍ എന്താ കാരണമെന്ന് നോക്കാം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മെഗാലോണിബിയ ഫുസ്കയെന്ന മീനിനെയാണ് ചൈനയിലെ മീന്‍പിടുത്തക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ മുക്കുവര്‍ക്കാണ് ഇതിനെ ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഷിയാംഗ് പ്രവിശ്യയിലെ ഷുഹ്സാന് തീരക്കടലിലെ പാറക്കൂട്ടങ്ങള്ക്കിടയില്വച്ചാണ് മീനിനെ പിടികൂടിയത്. 1.56 മീറ്റര്‍ നീളവും 48 കിലോഗ്രാം ഭാരവുമുണ്ടിതിന്. മീന്‍പിടുത്തക്കാര്‍ക്ക് ഒരിക്കല്‍പ്പോലും ഇതിനെ പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കിട്ടിയതിന് പൊന്നുംവിലയിടാന് കാരണം. നിരവധിപേര്‍ മീന്‍ വാങ്ങാനും കാണാനുമായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തിടുക്കപ്പെട്ട് വില്പന വേണ്ടെന്നാണ് തീരുമാനം.