മുക്കം: മത്സരംമുറുകിയതോടെ മുക്കത്തും പരിസര പ്രദേശങ്ങളിലും കോഴിയിച്ചി വില ഗണ്യമായി കുറഞ്ഞു. മുക്കം ടൗണിൽ കോഴിക്ക് 70 രൂപയും കോഴിയിറച്ചിക്ക് 100 രൂപയുമാണിപ്പോഴത്തെ വില. നെല്ലിക്കാപറമ്പ് ജികെഎസ് ചിക്കൻ സ്റ്റാളിൽ കഴിഞ്ഞ ദിവസം മുതൽ കോഴിയിറച്ചി വില 100 രൂപയാക്കി കുറച്ചിരുന്നു.
ഇതോടെ സമീപ പ്രദേശങ്ങളിലും കോഴിയിറച്ചിക്ക് വില കുറയ്ക്കുകയായിരുന്നു. വില കുറച്ചതോടെ ദൂര സ്ഥലങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നെല്ലിക്കാപറമ്പിലും മുക്കത്തുമൊക്കെയായി എത്തുന്നത്. ഒരാഴ്ച മുൻപ് വരെ 180 രൂപയായിരുന്നു വില.
രണ്ടാഴ്ച മുൻപ് ചെറുവാടി ചുള്ളിക്കാപറമ്പിൽ മത്സ്യ കച്ചവടവും മത്സരമായതോടെ വില ഗണ്യമായി കുറഞ്ഞിരുന്നു. നാട്ടുകാരായ കച്ചവടക്കാർക്കിടയിലേക്ക് കോഴിക്കോട് സ്വദേശികൾ കച്ചവടവുമായെത്തിയതോടെയാണ് ഇവിടെ മത്സ്യ വില കുറഞ്ഞത്.
600 മുതൽ800 രൂപ വരെയുണ്ടായിരുന്ന ആവോലി, അയ്ക്കൂറ ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് ഇപ്പോൾ 200 മുതൽ 250 വരെയാണ് വില. അയല, മത്തി ഉൾപ്പെടെയുള്ള ചെറിയ മത്സ്യങ്ങൾക്ക് 50 രൂപ വരെ വില കുറഞ്ഞിരുന്നു. മത്സരം മൂലം നാട്ടുകാരും വലിയ ആഹ്ലാദത്തിലാണ്. പച്ചക്കറി, പലവ്യഞ്ജന മേഖലയിലും മത്സരം വരണേയെന്നാണ് ജനങ്ങളുടെ പ്രാർത്ഥന.