കണ്ണൂർ: അർധരാത്രിയിൽ ദേശീയപാതയിൽ നടത്തുന്ന മത്സ്യകച്ചവടം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. പുലർച്ചെ താഴെചൊവ്വയിലാണ് മത്സ്യവില്പന നാട്ടുകാർ തടഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മത്സ്യകച്ചവടം നിർത്തിവയ്പ്പിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് തലശേരി, ആയിക്കര മത്സ്യ മാർക്കറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് വൻകിട മത്സ്യകച്ചവടക്കാർ ദേശീയ പാതയിൽ കച്ചവടം ആരംഭിച്ചത്. കീഴ്ത്തള്ളി, താഴെചൊവ്വ, ചാല, പള്ളിക്കുന്ന്, മുണ്ടയാട്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളിലെ റോഡരുകിലാണ് അർധരാത്രി കച്ചവടം നടക്കുന്നത്.
ലോറികളിലും കണ്ടെയ്നറുകളിലും കൊണ്ടുവരുന്ന മത്സ്യം ചെറുവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്നും പോലും വലിയ ലോറികളിൽ മീനുമായി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാതയോരത്ത് എത്തിക്കുന്ന മത്സ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തുന്ന ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ പല ഭാഗങ്ങളിൽ നിന്നും കൂട്ടമായി എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതാണ് അവരെ പ്രകോപിതരാക്കിയത്.കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇത്തരത്തിൽ മത്സ്യ കച്ചവടം നടക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ എത്തുന്നതു കാരണം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രാത്രി 11 ന് തുടങ്ങുന്ന കച്ചവടം പുലർച്ചെ രണ്ടു വരെ നീണ്ടു നിൽക്കും.