ചേർത്തല: അനധികൃതമായി പാതയോരത്ത് വില്പന നടത്തുന്ന മത്സ്യവില്പനക്കാരെ ലക്ഷ്യമിട്ട് നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നഗരസഭയുടെ വിവിധഭാഗങ്ങളിൽ പാതയോരങ്ങളിൽ ഫോർമാലിൻ അടക്കം ഉപയോഗിച്ചുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവിപണനം വ്യാപകമാകുന്നുവെന്ന പരാതികളെ തുടർന്നാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ എക്സറെ ജംഗ്ഷനു തെക്കുവശം റോഡരുകിൽ രണ്ടുകേന്ദ്രങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ അയല, മത്തി, വറ്റ, പൊടിമീൻ തുടങ്ങിയ മത്സ്യങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. റോഡരുകിൽ വാഹനം നിർത്തിയിട്ടായിരുന്നു മത്സ്യവ്യാപാരം നടത്തിയിരുന്നത്.
വില്പനക്കായി ഉപയോഗിച്ച വാഹനം നഗരസഭ അധികൃതർ പിടിച്ചെടുത്തു. വില്‍പനക്കാരനെതിരെയും വാഹന ഉടമസ്ഥർക്കെതിരെയുമുള്ള നടപടികൾ ആരംഭിച്ചു. നഗരസഭയിൽ പഴകിയ മത്സ്യം, ഇറച്ചി മുതലയാവ വൻതോതിൽ വിപണനം നടത്തുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇതേ തുടർന്ന് വരുദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ചേർത്തല നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ ശ്രീകുമാർ ജഐച്ച്ഐ മാരായ ഒ.സാലിൻ, കെ. ഹസീം, സൈമണ്‍ പി ബർണാഡ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.