കൊച്ചി: വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നതിനെ തുടർന്ന് കായലുകളില്‍ ലോഹസാന്ദ്രത ഉയർന്നുവെന്നും കായല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് അപകടകരമാണെന്നും പുതിയ പഠനം.
ഈ മാലിന്യങ്ങളില്‍ ദോഷകരമായ ലോഹങ്ങളുണ്ട്. മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നുണ്ട്. അതിനാല്‍ കായല്‍ മത്സ്യങ്ങളും കക്കയും കഴിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനം പറയുന്നത്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യിലെ മറൈൻ ടെക്നോളജി ഡിപ്പാർട്ട്മെന്റും ചെന്നൈയിലെ എൻഐഒടി കാമ്പസിലെ നാഷണല്‍ സെന്റർ ഫോർ കോസ്റ്റല്‍ റിസർച്ചും ചേർന്നാണ് പഠനം നടത്തിയത്.
എറണാകുളം-ആലപ്പുഴ അതിർത്തിയിലെ അരൂർ മുതല്‍ കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ വരെയുള്ള കായലുകളിലെ വിവിധ ഇനം മത്സ്യങ്ങളിലും കക്കയിറച്ചികളിലും കനത്ത ലോഹ മലിനീകരണം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു.
രാജ്യാന്തര സയൻസ് ജേണല്‍ സ്പ്രിങ്ങറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നീ മൂന്ന് ലോഹങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
മത്സ്യങ്ങളിലെയും കക്കയിറച്ചിയിലെയും കാഡ്മിയത്തിന്റെ സാന്നിധ്യം മനുഷ്യരില്‍ കാൻസർ സാധ്യത വർധിപ്പിക്കും. കാഡ്മിയം വിട്ടുമാറാത്ത കാൻസർ സാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് കാർസിനോജെനിക് റിസ്ക് സൂചിക സൂചിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ലോകത്തിലെ മറ്റു അഴിമുഖങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ കായലുകളില്‍ ലോഹങ്ങളുടെ ഉയർന്ന സാന്ദ്രത കാണിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
കൊച്ചി കായലിലെ ജലം മലിനമാകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പഠനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.