ചവറ: വിൽക്കുവാനായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിച്ചു. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേത്യത്വത്തിൽ തമിഴ്നാട് മുട്ടത്ത് നിന്നും വലിയ ഇൻസുലേറ്റഡ് വാനിൽ കൊണ്ടുവന്ന മത്സ്യങ്ങളാണ് പിടികൂടിയത്.
കൊല്ലം, ശക്തികുളങ്ങര, നീണ്ടകര, ചവറ പ്രദേശങ്ങളിൽ വിൽക്കുവാനായി എത്തിച്ച 4000 കിലോഗ്രാം ചൂര ഇനത്തിൽ പെട്ട മത്സ്യമാണ് നശിപ്പിച്ചത്. ഞായറാഴ്ച്ച രാത്രി 11 ഓടെ കോസ്റ്റൽ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിപ്പിച്ച നിലയിൽ ശക്തികുളങ്ങര ഹാർബർ ഇടറോഡിൻ കാണപ്പെട്ട വാൻ പരിശോധിച്ചാണ് പിടിച്ചെടുത്തത്.
കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ എസ് ഷരീഫ് , സബ്ഇൻസ്പെക്ടർ എം സി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഡോ.ആർ അസിം, മാനസ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് കോസ്റ്റൽ പോലീസ് പഴകിയ മത്സ്യം പിടികൂടുന്നത്. രണ്ടു തവണയായി 7500 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
ആര്യങ്കാവ്: ആര്യങ്കാവില്‍ നാലര ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആര്യങ്കാവില്‍ ഉണ്ടായിരുന്ന പോലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ സംയുക്ത പരിശോധനയിലാണ് കണ്ടെയിനര്‍ ലോറിയില്‍ കൊണ്ടുവന്ന മീന്‍ പിടികൂടിയത്.
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽനിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നപഴകിയ മത്സ്യമാണ് ചെക്ക് പോസ്റ്റിൽ പിടികൂടുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഉള്ള എച്ച് എസ് എം എന്ന കമ്പനിയിലേക്ക് ആണ് മത്സ്യം കൊണ്ടു പോകുന്നത് എന്നാണ് ലോറിയിലുണ്ടായിരുന്നവർ അധികൃതരോട് പറഞ്ഞത്.
തമിഴ്നാട് സ്വദേശികളായ ഉഗിലൻ, വിക്രം എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മത്സ്യം എത്തിച്ച ഗോവ രജിസ്ട്രേഷന് ലോറിയും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പഴകിയ മീന്‍ വ്യാപകമായി വില്പന നടത്തിയിരുന്നു.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുമായി ടണ്‍ കണക്കിന് പഴകിയ മീന്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു. ആര്യങ്കാവില്‍ പിടികൂടിയ മത്സ്യവും വാഹനവും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഭക്ഷ്യ സുരക്ഷ വിഭാഗം അധികൃതര്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുവെന്നും തെന്മല പോലീസ് അറിയിച്ചു.
പരവൂർ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വാഹനത്തിൽ വിൽപ്പന നടത്തിവന്ന 200 കിലോഗ്രാം ചൂരമത്സ്യം പിടികൂടി. തെക്കുംഭാഗം കുട്ടൂർ പാലത്തിന് സമീപം വിൽപ്പന നടത്തുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്.
ഇതോടെ വാഹനം വിട്ടു പോയി. പിന്തുടർന്നാണ് പിടികൂടിയത്. മീനിന് ഒരു മാസത്തിലധികം പഴക്കമുണ്ടന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അശോകൻ പറഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് എത്തിച്ചതാണ് മത്സ്യം. ജൂനിയർ ഹെൽത്ത് ഇൻസ്പെകർമാരായ സരിൻ, ധന്യ, രോഷ്നി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.