കൊച്ചി: കരസേനയിലെ ജോലി വിട്ട് കൂടുമത്സ്യകൃഷിയിലേക്കിറങ്ങിയ യുവാവിന് തൊഴില്‍ശ്രേഷ്ഠ പുരസ്കാരം. സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ കൂടുമത്സ്യകൃഷി ആരംഭിച്ച കണ്ണൂര്‍ സ്വദേശി പി.എം. ദിനില്‍ പ്രസാദാണ് മത്സ്യമേഖലയില്‍ നിന്ന് ഈ പുരസ്കാരത്തിന് അര്‍ഹനായത്.
2018ലാണ് പിണറായി സ്വദേശി ദിനില്‍ സിഎംഎഫ്ആര്‍ഐയുടെ പദ്ധതിയില്‍ അംഗമാകുന്നത്.നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുമത്സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായി.
ഇതാണ് ദിനിലിനെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.ഏഴു കൂടുകളിലായി കരിമീന്‍ കൃഷിയും കരിമീന്‍ വിത്തുത്പാദനവും ചെയ്യുന്നതോടൊപ്പം കൂടുമത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാങ്കേതിക സഹായവും ദിനില്‍ നല്‍കുന്നുണ്ട്.
നാലു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഏഴു കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്യുന്നത്. ഓരോ കൂടില്‍ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വര്‍ഷം വിളവെടുക്കുന്നതും.
ഡോ. ഇമല്‍ഡ ജോസഫിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആര്‍ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് 28 വയസുള്ള ദിനില്‍ പ്രസാദ് കൂടുമത്സ്യകൃഷി രംഗത്ത് സംരംഭകനായത്.
സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങള്‍ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്കു തിരിഞ്ഞത് ആദ്യഘട്ടത്തില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനായിരുന്നില്ല.
എന്നാല്‍ സംരംഭകനായി മികവു തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിലേക്കുള്ള ഉപദേശവും തേടി പലരും സമീപിക്കുന്നുണ്ട്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.