
ആലപ്പുഴ: കോവിഡിനു മുന്നിൽ ടൂറിസം മേഖല സ്തംഭിച്ചു നിൽക്കുന്പോൾ പുതുവഴികൾ തേടുകയാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് ഉടമകൾ. കൃഷിയും മത്സ്യക്കൃഷിയും ഒക്കെയുമായി സജീവമാണ് പലരും.
കുട്ടനാട്ടിൽ പ്രളയമുണ്ടായപ്പോൾ പലർക്കും താമസിക്കാനായും ഹൗസ്ബോട്ടുകൾ നല്കിയിരുന്നു. നീന്തൽക്കുളമുള്ള ഹൗസ്ബോട്ടിൻറെ ഉടമകളായ പുലിക്കാട്ടിൽ ഹൗസ്ബോട്ട്സ് മത്സ്യക്കൃഷിയുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഹൗസ്ബോട്ടിൻറെ നീന്തൽക്കുളത്തിൽ ബയോഫ്ളോക് ശൈലിയിലാണ് മത്സ്യക്കൃഷി നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ ആറായിരം ലിറ്റർ ജലസംഭരണ ശേഷിയുള്ള നീന്തൽകുളമാണ് ഇവരുടെ ഹൗസ്ബോട്ടിലുള്ളത്.
ഇതിൽ 350 മീനുകളാണ് വളരുന്നത്. നാലുമാസം കൊണ്ട് വിളവെടുപ്പു നടത്താവുന്ന രീതിയിലാണ് കൃഷി. ഇതോടൊപ്പം ഹൗസ്ബോട്ടിൽ ഫാം ടൂറിസം എന്ന പുതിയ ആശയത്തിൻറെ പണിപ്പുരയിലാണ് പുലിക്കാട്ടിൽ ഗ്രൂപ്പ് എന്ന് മാനേജിംഗ് ഡയറക്ടർ ടോബു പുലിക്കാട്ടിലും ചെയർമാൻ ടോമി പുലിക്കാട്ടിലും വ്യക്തമാക്കി.
വരുമാന സാധ്യത മുന്നിൽ കണ്ട് കൂടുതൽ പേർ രംഗത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല