കഴുകി വൃത്തിയാക്കുന്നതിനിടെ പ്ലാസ്റ്റിക് കണ്ണ് തെന്നിമാറി യഥാര്‍ത്ഥ കണ്ണ് പുറത്തുവന്നു! മത്സ്യ വ്യവസായ മേഖലയിലെ മറ്റൊരു തട്ടിപ്പ് ഇങ്ങനെ

രാസവസ്തുക്കളില്‍ കുളിപ്പിച്ചെടുത്ത് കൊണ്ടുവരുന്ന പച്ചക്കറികളായിരുന്നു ഒരുകാലത്ത് ആളുകളുടെ പേടിസ്വപ്‌നം. പിന്നീടൊരു സമയത്ത് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യമായിരുന്നു ആളുകളെ പേടിപ്പിച്ചിരുന്നത്. പിന്നീട് മീന്‍ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മമാരുടെ മോതിരം അടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ നിറം പോയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതിനേക്കാളെല്ലാം അപ്പുറം ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.

പഴകിയ മീന്‍ തിരിച്ചറിയാതിരിക്കാന്‍ ചെയ്യുന്ന മറ്റൊരു വിദ്യയാണത്. മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കണ്ണ് വച്ചുള്ള തട്ടിപ്പാണിത്. കുവൈത്തിലെ മത്സ്യചന്തയിലാണ് സംഭവം. മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വെച്ച് കച്ചവടം നടത്തിയത്. മീന്‍ വാങ്ങിയയാള്‍ അത് വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാര്‍ത്ഥ കണ്ണ് പുറത്തു വന്നു.

അവര്‍ അപ്പോള്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതോടെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് സംഭവത്തിനെതിരെ രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച കുവൈറ്റ് ഉപഭോകൃത വകുപ്പ് തട്ടിപ്പ് നടത്തിയ ഷോപ്പ് പൂട്ടിച്ചതായാണ് അറിയുന്നത്. എന്തെല്ലാം കാര്യത്തിലാണ് ജനങ്ങള്‍ ജാഗരൂകരായിരിക്കേണ്ടതെന്ന സൂചനയാണ് ഏറ്റവും പുതിയ ഈ വാര്‍ത്തയും നല്‍കുന്നത്.

 

Related posts