സ്വന്തംലേഖകന്‍
കോഴിക്കോട്: ലോക്ക്ഡൗണിനിടെ വിപണിയില്‍ വിറ്റഴിച്ച മത്സ്യങ്ങളിലൊന്നും മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാനത്തെ മത്സ്യ സമ്പത്ത് കുറഞ്ഞതിനെ തുടര്‍ന്ന് ഇതര ദേശങ്ങളില്‍ നിന്നായിരുന്നു കൂടുതലായും മത്സ്യങ്ങള്‍ വിപണിയില്‍ എത്തിച്ചിരുന്നത്.
ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത മത്സ്യങ്ങളില്‍ മായം കലര്ത്തിയിരുന്നോയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ 48 ഓളം സ്ഥലങ്ങളില്‍ നിന്ന് ട ശേഖരിച്ച മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരിടത്തുപോലും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമോ മറ്റു രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യമോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ കഴിച്ച മത്സ്യങ്ങളില്‍ മായമുണ്ടോയെന്ന് ആശങ്കയിലായ ഉപഭോക്താക്കള്‍ക്കും ഇനി ആശ്വസിക്കാം. കഴിഞ്ഞ ദിവസമാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കര്‍ശന പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മീഷണര്‍ എം.ടി.ബേബിച്ചന് ദീപികയോട് പറഞ്ഞു.
ചുഴലിക്കാറ്റും ലോക്ക്ഡൗണും കാരണം തീരദേശമേഖലായ കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളില്‍ മത്സ്യത്തിന്റെ ലഭ്യത കുറവാണ്.
ഇതരദേശത്തു നിന്നുള്ള മത്സ്യങ്ങളാണ് കൂടുതലായും വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം പിടികൂടിയിരുന്നു.
കേടാകാതെ കൂടുതല്‍ കാലം നില്‍ക്കുമെന്നതിനാലാണ് വിപണി ലക്ഷ്യമിട്ട് ഇത്തരത്തില്‍ കൃത്രിമം നടത്തിയത്.
പരിശോധനയും നടപടികളും കര്‍ശനമാക്കിയതിനാല്‍ ഇത്തവണ മത്സ്യത്തില്‍ മായം കലര്‍ത്തുന്നത് കുറഞ്ഞിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ചില സ്ഥലങ്ങളില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇവയിലും മായം കലര്‍ത്തിയിരുന്നില്ല.
പഴകിയതും മായം കലര്‍ന്നതുമായ മത്സ്യങ്ങളുടെ വില്പന തടയാന്‍ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല മത്സ്യബന്ധന തുറമുഖങ്ങളും അടച്ചിട്ടിരിക്കുകയാണ്.
അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.