കോട്ടയം: ജില്ലയിൽ മീൻ പരിശോധന കർശമാക്കുന്നു. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം വലിയ തോതിൽ വിപണിയിലെത്തുന്നതോടെ പരിശോധന വീണ്ടും കർശനമാക്കിയിരിക്കുകയാണ് അധികൃതർ.
ഇന്നലെ നടത്തിയ പരിശോധനയിൽ മണിപ്പുഴയിൽ റോഡരികിലെ രണ്ടു മീൻകടകളിൽനിന്നു പുഴകിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു.
ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിലാണു പഴകിയ മീൻ പിടിച്ചെടുത്തത്.
പുലർച്ചെ അഞ്ചോടെ നടത്തിയ പരിശോധനയിലാണു കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയമീൻ പിടികൂടിയത്. മുന്പ് ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ പരിശോധന നടത്തി പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയും ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.
മണിപ്പുഴയിൽ പിടിച്ചെടുത്ത മീനിനു മാസങ്ങൾ പഴക്കമുണ്ടെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതല വഹിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ. ഐസക്ക് പറഞ്ഞു.
മണിപ്പുഴയിലെ റോഡരികിലെ ഫുട്പാത്തിൽ പ്രവർത്തിക്കുന്ന വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കടയിലും എ.എം. ഫിഷറീസിലുമാണു മാസങ്ങൾ പഴക്കമുള്ള മീൻ സൂക്ഷിച്ചിരുന്നത്. യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന ഈ മീൻ പഴകി പുഴുത്ത് തുടങ്ങിയിരുന്നു.
ഓരോ ദിവസവും ഐസിട്ട് സുരക്ഷിതമാക്കിയാണു മീൻ വച്ചിരുന്നത്. ഇവിടെനിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചെന്ന് പരാതി ഉയർന്നിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു.
ഓരോ ദിവസവും വിറ്റശേഷം ബാക്കിയാകുന്ന മീൻ കടയിൽ തന്നെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇത്തരത്തിൽ സൂക്ഷിച്ച മീൻ പഴകിയാൽ പോലും ഉപേക്ഷിക്കാൻ ഇവർ തയാറായിരുന്നില്ല.
ഫ്രീസർ പോലുമില്ലാതെ വീണ്ടും മീൻ വിൽക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു ഇടയാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.
ദിവസങ്ങൾക്കു മുന്പ് ഇവിടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കു കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.
പഴക്കം തോന്നാതിരിക്കാൻ വലിയ തോതിൽ രാസവസ്തുക്കൾ പ്രയോഗിക്കുന്നവരുമുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നും രാസവസ്തുക്കൾ കലർത്തിയ മീനും വിപണിയിൽ വ്യാപകമാകുന്നുണ്ട്.
തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസ വസ്തുക്കൾ കലർത്തി എത്തുന്നത്.
കാഴ്ചയിൽ പച്ചയാണെന്ന തോന്നുമെങ്കിലും പാകം ചെയ്യുന്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോടു കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാർ പറയുന്നു.