മണ്ണാർക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിലെ സ്വകാര്യ മത്സ്യമാർക്കറ്റ് പൂട്ടിയതിനെ തുടർന്നു ഏതാനും ദിവസങ്ങളായി മാറ്റി പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിലെ മത്സ്യമാർക്കറ്റ് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. മാർക്കറ്റിന്റെ പ്രവർത്തനംമൂലം സമീപത്തെ താമസക്കാരും വലയുകയാണ്.
ഏതാനും വർഷങ്ങളായി മണ്ണാർക്കാട്ടെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്നത് കുന്തിപ്പുഴയിലായിരുന്നു. സ്വകാര്യവ്യക്തിയാണ് ഇതിനു നേതൃത്വം നല്കിയിരുന്നത്.കാഞ്ഞിരപ്പുഴ, തെങ്കര, കല്ലടിക്കോട്, കരിന്പ, ആര്യന്പാവ്, കോട്ടോപ്പാടം, കുമരംപുത്തൂർ, അലനല്ലൂർ, അട്ടപ്പാടി മേഖലകളിലേക്ക് ആവശ്യമായ മത്സ്യം കയറ്റിപോയിരുന്നത് ഇവിടെ നിന്നായിരുന്നു.
എന്നാൽ സഫീർ കൊലപാതകത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മീൻമാർക്കറ്റ് മണ്ണാർക്കാട് നഗരസഭ പൂട്ടുകയായിരുന്നു. ഗുണ്ട ആക്രമണങ്ങളും ഇതിനുള്ള രഹസ്യയോഗവും കുന്തിപ്പുഴ മാർക്കറ്റിലാണ് നടത്തുന്നതെന്ന പോലീസിന്റെയും നാട്ടുകാരുടെയും കണ്ടെത്തലിനെ തുടർന്ന് കുന്തിപ്പുഴ മത്സ്യമാർക്കറ്റിന് സ്റ്റോപ്പ് മെമ്മോ നല്കുകയും മത്സ്യമാർക്കറ്റ് പൂട്ടുകയായിരുന്നു.എന്നാൽ ഇതോടെ നൂറുകണക്കിനു മത്സ്യക്കച്ചവടക്കാരാണ് വലയുന്നത്.
പിന്നീട് താത്കാലികമായി മണ്ണാർക്കാട് നഗരസഭ ബസ് സ്റ്റാൻഡിൽ മത്സ്യക്കച്ചവടം തുടങ്ങുകയായിരുന്നു. നിലവിൽ ദുർഗന്ധവും തിരക്കും ജനങ്ങളെ വലയ്ക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ വന്നുകയറി പോകുന്നത്.
ഈ സാഹചര്യത്തിൽ നഗരസഭ ഇടപെട്ട് മത്സ്യമാർക്കറ്റ് എത്രയുംവേഗം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. നിരവധി സംഘടനകളും ഇതിനായി നഗരസഭയ്ക്ക് കത്തുനല്കി.